ജോലി സമയത്ത് നഴ്സിംഗ് ജീവനക്കാര്‍ മലയാളം സംസാരിക്കരുതെന്ന സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ സന്തോഷമറിയിച്ച്‌ നടി ശ്വേത മേനോന്‍. മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ മാത്രം ആശയവിനിമയം നടത്താന്‍ നഴ്സിങ് സ്റ്റാഫിന് ദില്ലി സര്‍ക്കാര്‍ ആശുപത്രി നല്‍കിയ സെര്‍ക്കുലര്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും താരം പറയുന്നു.

ശ്വേതാ മേനോന്റെ വാക്കുകള്‍:

‘മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ മാത്രം ആശയവിനിമയം നടത്താന്‍ നഴ്സിങ് സ്റ്റാഫിന് ദില്ലി സര്‍ക്കാര്‍ ആശുപത്രി നല്‍കിയ സെര്‍ക്കുലര്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ കൊവിഡ് കാലഘട്ടത്തില്‍ നമ്മെ സുരക്ഷിതരാക്കാന്‍ മലയാളി നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും ജീവന്‍ പണയപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാം മറക്കരുത്.

അവരെ മാറ്റി നിര്‍ത്തുന്നതിന് പകരം അഭിനന്ദിക്കുകയാണ് വേണ്ടത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു ഇന്ത്യക്കാരനും ഏതെങ്കിലും രീതിയിലുള്ള ഭാഷാ വിവേചനം നേരിടരുത്. കാരണം നമ്മുടെ ശക്തി നാനാത്വത്തില് ഏകത്വം എന്നതാണ്.

വിവാദപരമായ ആ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അതിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും ഇനിയും അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ പൊരുതാനുള്ള ശക്തിയുണ്ടാവട്ടെ.’