ന്യു ജേഴ്‌സി: അമേരിക്കൻ യൂണിവേഴ്സിറ്റികളിലെ  മികച്ച ബിരുദ വിദ്യാർത്ഥികൾക്കിടയിൽ നയതന്ത്ര രംഗത്തും, ഉന്നത ഗവൺമെന്റ് മേഖലയിലും പ്രവർത്തിക്കാൻ പ്രോത്സാഹനം നൽകുന്ന  പ്രശസ്തമായ ലെനാർഡ്‌ ഷെയ്‌ഫർ ഫെല്ലോഷിപ്പിന് സംഗീത കിഷോർ തെരഞ്ഞെടുക്കപ്പെട്ടു.
യൂണിവേഴ്സിറ്റി ഓഫ് സതേൺ  കാലിഫോർണിയയിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സംഗീത. ഹാർവാർഡ്, പ്രിൻസ്ടൺ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്ലി,
യൂണിവേഴ്സിറ്റി ഓഫ് സതേൺ  കാലിഫോർണിയ, യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ എന്നീ വിഖ്യാത സർവകലാശാലകളിൽ നിന്ന് അക്കാദമിക മികവിന്റേയും, പാഠ്യേതര നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ദേശീയാടിസ്ഥാനത്തിൽ നാല്പത് വിദ്യാർത്ഥികളാണ് ലെനാർഡ്‌ ഷെയ്‌ഫർ ഫെല്ലോഷിപ്പിന് അർഹരായത്. ഇവരിൽ സംഗീത കിഷോർ അടക്കം അഞ്ചു ഇന്ത്യൻ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.
ഫെല്ലോഷിപ്പിന്റ ഭാഗമായി സംഗീത കിഷോർ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ ഇന്റേൺഷിപ്പ് ചെയ്യും. സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ആഫ്രിക്ക ബ്യൂറോയിലാണ് സംഗീത സേവനമനുഷ്ഠിക്കുക.
നിലവിൽ യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയുടെ വിദേശ കാര്യ പ്രസിദ്ധീകരണമായ Glimpse from the Globe മാനേജിംഗ്‌ എഡിറ്റർ ആണ്.  അന്താരാഷ്ട്ര വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. പഠനത്തിന് ശേഷം യു. എസ് ഫോറിൻ സെർവീസിലും, അന്താരാഷ്ട്ര വിഷയങ്ങളിൽ അഭിഭാഷകയായും  പ്രവർത്തിക്കാനാണ് താല്പര്യം.
പ്രശസ്ത മാധ്യമ പ്രവർത്തകനും, പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സിൽ സീനിയർ ഡയറക്ടറും ആയ ഡോ: കൃഷ്ണ കിഷോറിന്റെയും, ജോൺസൺ ആൻഡ് ജോൺസണിൽ സീനിയർ ഡയറക്ടർ ആയ  വിദ്യ കിഷോറിന്റെയും മകളാണ് സംഗീത കിഷോർ