മൈസൂരു: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കാര്‍ഷിക നിയമ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ ഒന്നാം വാര്‍ഷിക ദിവസത്തിലാണ് കര്‍ഷകരുടെ പ്രതിഷേധം. സമരകേന്ദ്രങ്ങളിലും ബിജെപി നേതാക്കളുടെ വീടുകളുടെ മുമ്ബിലും കര്‍ഷകര്‍ നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്. കരിങ്കൊടി ഉയര്‍ത്തിയ കര്‍ഷകര്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. പുതിയ നിയമം റദ്ദാക്കാത്തത് കാര്‍ഷിക സമൂഹത്തെ നശിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.

അതേസമയം, കര്‍ഷകരുടെ പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാന പാലനത്തിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പ്രതിഷേധ സ്ഥലങ്ങള്‍ക്ക് സമീപം ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക യൂണിയനുകളുടെ മുഖ്യ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ‘സമ്ബൂര്‍ണ വിപ്ലവ് ദിവസ്’ ആചരിക്കാനുള്ള ആഹ്വാനം നല്‍കിയത്.