ബഹ്റൈനില്‍ ഹോം ക്വാറന്‍്റീന്‍ ചട്ടം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്‍്റെ പേരില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 153 റസ്റ്റോറന്‍്റുകള്‍ക്കും ഒരു കോഫി ഷോപ്പിനുമെതിരെ നടപടി സ്വീകരിച്ചതായും അധിക്യതര്‍ വ്യക്തമാക്കി. രാജ്യത്ത് 1932 പേര്‍ക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഹോം ക്വാറന്‍്റീന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം തടവോ ആയിരം മുതല്‍ പതിനായിരം ദിനാര്‍ വരെ പിഴയോ അടക്കേണ്ടി വരുമെന്ന് പബ്ലിക്ക് സെക്യൂരിറ്റി ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ ക്യാപ്റ്റന്‍ ഹമദ് അല്‍ ഖയാത്ത് വ്യക്തമാക്കി. ഹോം ക്വാറന്‍്റീന്‍ നിയമം ഏര്‍പ്പെടുത്തിയത് മുതല്‍ ഇതുവരെയായി നിയമം ലംഘിച 3591 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്‍്റെ പേരില്‍ മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള കാലയളവില്‍ ആയിരത്തി മൂന്ന് സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയതായും അധിക്യതര്‍ അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയ 12 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിതരായി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ 83 ശതമാനവും പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഈ മാസം ആദ്യം ബഹ്റൈനില്‍ ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന 300 കോവിഡ് രോഗികളില്‍ 270 പേരും പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്തവരായിരുന്നു എന്ന് നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് അംഗം ഡോ.മനാഫ് അല്‍ ഖഹ്താനി വ്യക്തമാക്കി. വിവിധ ചികിത്സാലയങ്ങളിലായി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗം പേരും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരുമാണ്.

രാജ്യത്ത് അടിയന്തിരഘട്ടങ്ങളില്‍ സോട്രോവിമോബ് മരുന്നുപയോഗിച്ചുള്ള ചികിത്സക്കും അധികൃതര്‍ അനുമതി നല്‍കി. പുതുതായി കോവിഡ് സ്ഥിരീകരിച്ച 1932 പേരില്‍ 839 പേര്‍ പ്രവാസികളാണ്. 2276 പേര്‍ കൂടി രോഗമുക്തരായി. 26,500 പേരാണ് വിവിധ ചികിത്സാലയങ്ങളില്‍ കഴിയുന്നത്. ഇവരില്‍ 315 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.