കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമാണോ എന്ന സംശയത്തിന് മറുപടിയുമായി പുതിയ പഠനം. ലോകത്ത് ഇന്ന് ഉപയോഗിക്കുന്ന വാക്‌സിനുകള്‍ക്ക് ദീര്‍ഘകാലത്തേയ്ക്ക് പ്രതിരോധശേഷി നല്‍കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതിനാല്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ വേണ്ടി വരില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

നിലവില്‍ കോവിഡ് വൈറസിന് സംഭവിക്കുന്ന ജനിതക വ്യതിയാനം വെല്ലുവിളിയായി തുടരുകയാണ്. അതിനാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ വേണ്ടി വരുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും മൊഡേണ, ഫൈസര്‍ വാക്‌സിനുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.

ഫൈസര്‍, മൊഡേണ എന്നിവരുടെ മെസന്‍ജര്‍ ആര്‍.എന്‍.എ(mRNA) വാക്‌സിനുകള്‍ ആന്റിബോഡികളെ മാത്രമല്ല ആശ്രയിക്കുന്നത് എന്നാണ് ഏറ്റവും പുതിയ വിവരം. മൊഡേണയുടെ mRNA-1273 വാക്‌സിനും ഫൈസറിന്റെ BNT162b1 വാക്‌സിനും mRNA ആധാരമാക്കിയുള്ള കോവിഡ് വാക്‌സിനുകളാണ്. ഇവ കോശങ്ങളിലേക്കു പ്രവേശിക്കുമ്ബോള്‍ വൈറസിന്റെ പ്രോട്ടീന്‍ രൂപംകൊള്ളുന്നു. ആ പ്രോട്ടീനുകള്‍ക്കെതിരെയുള്ള ആന്റിബോഡികള്‍ ശരീരം ഉത്പ്പാദിപ്പിക്കുകയും അങ്ങനെ പ്രതിരോധ ശേഷി കൈവരിക്കുകയുമാണ് ചെയ്യുന്നത്.