പത്ത് വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ഡെബി നീല്‍ കാത്തിരുന്ന തന്റെ വിവാഹ ദിനം എത്തി. ക്രീം നിറത്തിലുള്ള ലേസ് ഗൗണ്‍ അണിഞ്ഞ് ഫ്ലോറിഡയിലെ പള്ളിയില്‍ വച്ച്‌ തന്റെ ദീര്‍ഘകാലമായുള്ള പ്രണയത്തിന്റെ പരിസമാപ്തിയെന്നോണം ജിം മെ‍‍ര്‍ത്തയെ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഡെബിയ്ക്ക് ആശുപത്രിയിലെ ഗൗണ്‍ ധരിക്കേണ്ടി വന്നു. എന്തിന് എന്നല്ലേ? ഭ‍‍ര്‍ത്താവിന്റെ മുന്‍ ഭാര്യയായ മൈലെയ്ന്‍ മെര്‍ത്തയ്ക്ക് വൃക്ക ദാനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇത്.

ജിം മെര്‍ത്തയുടെയും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുടെയും ഈ സ്നേഹത്തിന്റെ കഥ വളരെ അസാധാരണം തന്നെയാണ്. മനുഷ്യബന്ധങ്ങള്‍ക്കിടയിലെ സ്നേഹത്തിന്റെയും അനുകമ്ബയുടെയും തെളിവാണിത്. 59 കാരിയായ മൈലെയ്ന്‍ വൃക്കരോഗത്താല്‍ വളരെക്കാലം ഏറെ കഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമായപ്പോഴേക്കും സ്ഥിതി രൂക്ഷമായി. നവംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ അവരുടെ വൃക്കകള്‍ 8% മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഇതിനെ തുട‍ര്‍ന്ന് മൈലെയ്ന്‍്റെ സഹോദരന്‍ ഒരു വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി എത്തിയിരുന്നെങ്കിലും മൈലെയ്ന്‍്റെ ശരീരവുമായി സഹോദരന്റെ വൃക്ക മാച്ച്‌ ആയിരുന്നില്ല. തുട‍ര്‍ന്ന് ഡെബി തന്റെ സന്നദ്ധത അറിയിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടായി ജിം മൈലെയ്നും വിവാഹമോചനം നേടിയിട്ട്. എന്നാല്‍ അവരുടെ മക്കളെ ഇരുവരും ചേ‍ര്‍ന്നാണ് വള‍ര്‍ത്തിയത്. ഇതിനിടെ 56കാരിയായ ഡെബിയുമായി ജിം പ്രണയത്തിലായി. വളരെ വലിയ അടുപ്പമില്ലെങ്കിലും കുടുംബ ചടങ്ങുകളിലും മറ്റും ഡെബിയും എത്തി തുടങ്ങി. ഇതിനിടെ മൈലെയ്ന്‍ ആദ്യമായി ഒരു മുത്തശ്ശിയാകാന്‍ പോകുകയാണെന്ന വിവരം ഡെബിയും അറിഞ്ഞു. ജിമ്മിന്റെയും മൈലെയ്നിന്റെയും മകള്‍ ഈ സമയം ഗര്‍ഭിണിയായിരുന്നു.

‘മകള്‍ പ്രസവിച്ച്‌ കുഞ്ഞുമായി വരുമ്ബോള്‍ അവളുടെ അമ്മ അവിടെ ഇല്ലാത്ത സ്ഥിതി എനിയ്ക്ക് സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. മൈലെയ്ന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ദൈവം എന്നെ തോന്നിപ്പിക്കുകയായിരുന്നുവെന്ന്’ ഡെബി പറയുന്നു. ഇതിനിടെ മൈലെയ്നെ സഹായിക്കാനുള്ള ഡെബിയുടെ ആഗ്രഹം കൂടുതല്‍ ആഴത്തിലായി. ഇതിനായുള്ള ആദ്യ ഘട്ട രക്ത പരിശോധനയില്‍ ഡെബി പാസായി. മാസങ്ങളോളം നടന്ന പരിശോധനകള്‍ക്ക് ശേഷം ജിമ്മിന്റെയും ഡെബിയുടെയും വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ദിവസം നിശ്ചയിക്കുകയായിരുന്നു. ‘എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ ദിവസമായിരുന്നു അത്’ എന്ന് ഡെബി പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം വീണ്ടെടുത്തയുടനെ ഡെബി മൈലെയ്നെക്കുറിച്ചാണ് ചോദിച്ചത്.

കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായിരുന്നിട്ടും ഒടുവില്‍ ജിമ്മിനെ തന്റെ പുതിയ ഭാര്യയെ മുന്‍ ഭാര്യയുടെ മുറിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധിക‍‍ൃത‍ര്‍ അനുവദിച്ചു. ഇരുവരും ആ നിമിഷം ചിരിച്ചു കൊണ്ട് കരയുകയായിരുന്നുവെന്ന് മൈലെയ്ന്‍ പറയുന്നു. മകള്‍, മരുമകന്‍, പേരക്കുട്ടി ജാക്സണ്‍ എന്നിവരോടൊപ്പം സന്തോഷവതിയാണ് മൈലെയ്ന്‍ ഇപ്പോള്‍.