യോഗ ഗുരു ബാബ രാംദേവിന് സമന്‍സ് അയച്ച്‌ ഡല്‍ഹി ഹൈക്കോടതി. കോവിഡ് പ്രതിരോധ മരുന്ന എന്ന പേരില്‍ കൊറോണില്‍ കിറ്റിനെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ (ഡിഎംഎ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

അടുത്ത വാദം കേള്‍ക്കുന്നതുവരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് രാംദേവിനോട് പറയണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുക ജൂലൈ 13നാണ്. അതേസമയം ഡിഎംഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികരണം ആവശ്യപ്പെടുകയും ചെയ്തു. കൊറോണില്‍ മരുന്നിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും രാംദേവിന്റെ വാക്കുകള്‍ തെറ്റാണെന്നുമാണ് ഡിഎംഎയുടെ വാദം.

അലോപ്പതിക്കെതിരെയുള്ള രാംദേവിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിഎംഎയുടെ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം കഴിഞ്ഞ മാസം യോഗ ഗുരു ബാബ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഉത്തരാഖണ്ഡ് ഘടകം 1,000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചിരുന്നു. അലോപ്പതി ചികിത്സയ്ക്കെതിരെയും മരുന്നുകള്‍ക്കെതിരെയും ബാബ രാംദേവ് നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് നടപടി. 15 ദിവവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞില്ലെങ്കില്‍ 1,000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്.

രാംദേവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐഎംഎ കത്തയച്ചു. എന്നാല്‍ രാംദേവ് പരാര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പരാമര്‍ശങ്ങളില്‍ വിയോജിപ്പ് അറിയിച്ച്‌ രാംദേവിന് കത്തയച്ചിരുന്നു.

അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണെന്നുമായിരുന്നു രാംദേവ് നടത്തിയ പ്രസ്താവന. ഈ പ്രസ്താവനയാണ് വിവാദമായത്. എന്നാല്‍ ഒരു വാട്സപ്പ് സന്ദേശം വായിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നതെന്നും ഐഎംഎ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും പതഞ്ജലി യോഗ പീഠ് പ്രതകരിച്ചിരുന്നു.

അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നായിരുന്നു രാംദേവിന്റെ വാക്കുകള്‍. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവര്‍, ഫാവിഫ്ലു ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കോവിഡ് രോഗികളെ ഭേദമാക്കുന്നതില്‍ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പുറമെ ആധുനിക മെഡിക്കല്‍ പ്രാക്ടീഷണര്‍മാരെ ‘കൊലപാതകികള്‍’ എന്നും അദ്ദേഹം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനം ശക്തമായത്.

വീഡിയോ വൈറലായതിന് പിന്നാലെ തന്നെ രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് ഐഎംഎ രംഗത്തെത്തിയിരുന്നു. ബാബ രാംദേവിന്റെ പ്രസ്താവന വിദ്വേഷ പ്രസംഗമായി കണക്കാക്കി അദ്ദേഹത്തിനെതിരെ നടപടി വേണമെന്നായിരുന്നു ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചത്. അതിനൊപ്പം രാംദേവ് പൊതുക്ഷമാപണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.