തിരുവനന്തപുരം : കെ..എസ്.ആര്‍.ടി.സി എന്ന പേരും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം ഇനി കേരളത്തിന് മാത്രം.. കര്‍ണാടക, കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ തമ്മിലുള്ള ഏഴുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ട്രേഡ് മാര്‍ക്ക് രജിസ്ട്രാര്‍ കെ.എസ്.ആര്‍.ടി.സി എന്ന പേര് കേരളം മാത്രമേ ഉപയോഗിക്കാവൂവെന്ന് ഉത്തരവിട്ടത്. ആനവണ്ടിയെന്ന വിളിപ്പേരിന്റെ അവകാശവും കെ..എസ്.ആര്‍.ടി.സിക്ക് മാത്രമായിരിക്കും. ട്രേഡ് മാര്‍ക്ക്സ് ആക്‌ട് 1999 പ്രകാരമാണ് ഉത്തരവ്.

കര്‍ണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ കെഎസ്‌ആര്‍ടിസി എന്ന ചുരുക്കെഴുത്താണ് ഉപയോ​ഗിക്കുന്നത്. എന്നാല്‍ ഇത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്പോര്‍ട്ട് ഉപയോ​ഗിക്കരുതെന്നും കാട്ടി 2014 ല്‍ കര്‍ണാടക നോട്ടീസ് അയയ്ക്കുകയായിരുന്നു. പിന്നാലെ കേരളവും നിയമപരമായി രം​ഗത്തെത്തി.

കെ.എസ്.ആര്‍.ടി.സി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് പേര് കേരളത്തിന് സ്വന്തമായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965ലാണ് കെ.എസ്.ആര്‍..ടി..സി എന്ന് കേരളം ഉപയോ​ഗിച്ചു തുടങ്ങിയത്. കര്‍ണാടകയാകട്ടെ 1973ലാണ് ചുരുക്കെഴുത്ത് ആദ്യമായി ഉപയോ​ഗിച്ചത്.