ന്യൂഡല്‍ഹി: കോവിഡ് ജീവനെടുത്ത പ്രമുഖ മലയാളി പത്രപ്രവര്‍ത്തകര്‍ക്ക് ജിഎംപിസിയുടെ ശ്രദ്ധാഞ്ജലി. മാധ്യമപ്രവര്‍ത്തകരായിരുന്ന ഡി. വിജയമോഹന്‍ (സീനിയര്‍ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മലയാള മനോരമ, ന്യൂഡല്‍ഹി), സന്തോഷ് കുമാര്‍ (അസിസ്റ്റന്റ് എഡിറ്റര്‍ ഗള്‍ഫ് ന്യൂസ്, ദുബായി), വിപിന്‍ ചന്ദ് (ചീഫ് റിപ്പോര്‍ട്ടര്‍ മാതൃഭൂമി ന്യൂസ്, എറണാകുളം), അന്‍സിഫ് അഷ്‌റഫ് (ചീഫ് എഡിറ്റര്‍ കൊച്ചിന്‍ ഹെറാള്‍ഡ്, എറണാകുളം) എന്നിവര്‍ക്ക് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) ഇന്ന് ആദരാജ്ഞലികള്‍ അര്‍പ്പിക്കും. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു ജിഎംപിസി ആഗോള പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍ അറിയിച്ചു.

രാജ്യസഭാ നിയുക്ത എംപിയും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസ്, പ്രമുഖ കോളമിസ്റ്റായ കെ.പി. നായര്‍, ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, മാതൃഭൂമി ന്യൂഡല്‍ഹി സ്‌പെഷല്‍ റെപ്രസന്റേറ്റീവ് എന്‍. അശോകന്‍, ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്നു രാത്രി 9.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണു അനുശോചന സമ്മേളനം നടക്കുക.

കൊറോണയെ തുടര്‍ന്ന് ഇന്ത്യയില്‍ മാത്രം മുന്നൂറിലേറെ മാധ്യമജീവനക്കാരുടെ ജീവനാണ് പൊലിഞ്ഞത്. ആഗോള തലത്തില്‍ രണ്ടായിരത്തിലേറെ മാധ്യമപ്രവര്‍ത്തകര്‍ കോവിഡു മൂലം മരിച്ചതായാണു യൂറോപ്പിലെ സന്നദ്ധ സംഘടനയായ പ്രസ് എംബ്ലം കാംപെയിന്റെ റിപ്പോര്‍ട്ട്. ലോകത്ത് ബ്രസീലും പെറുവും കഴിഞ്ഞാല്‍ മാധ്യമപ്രവര്‍ത്തകരുടെ കോവിഡ് മരണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് മാനേജിംഗ് എഡിറ്റര്‍ സുനില്‍ ജെയിന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ഷേഷ് നാരായണ്‍ സിംഗ്, ദൈനിക് ഭാസ്‌കറിലെ രാജ്കുമാര്‍ കേശ്‌വാനി, ഇക്കണോമിക് ടൈംസ് ഗ്രാഫിക് എഡിറ്റര്‍ അനിര്‍ബന്‍ ബോറ, ആസാം ട്രിബ്യൂണ്‍ ഡല്‍ഹി ബ്യൂറോ ചീഫ് കല്യാണ്‍ ബറുവ, ഭാര്യയും ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവര്‍ത്തകയുമായിരുന്ന നിലാക്ഷി ഭട്ടാചാര്യ, സീ ഹിന്ദി ചാനലിലെ എഡിറ്റര്‍ അന്‍ജന്‍ ബന്ധോപധ്യായ, ആജ് തക് ടിവി ന്യൂസ് ചാനലിലെ രോഹിത് സര്‍ദാന തുടങ്ങിയ മറ്റ് നിരവധി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇവര്‍ക്കും ആഗോള മലയാളി മാധ്യമ കൂട്ടായ്മ ആദരാജ്ഞലി അര്‍പ്പിക്കും.