വാഷിങ്​ടണ്‍: ഗസ്സയില്‍ ഹമാസ്​ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നുവെന്ന പേരില്‍ കുരുതി തുടരുന്ന ഇസ്രായേലിന്​ പിന്തുണ ഉറപ്പുനല്‍കി യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍. ശനിയാഴ്​ച ഇസ്രായേല്‍ പ്രധാനമന്ത്രി ​ബിന്‍യമിന്‍ നെതന്യാഹുവിനെയും ഫലസ്​തീന്‍ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസിനെയും നേരിട്ട്​ ഫോണില്‍ വിളിച്ചാണ്​ പിന്തുണ ഉറപ്പുനല്‍കിയത്​. ഹമാസ്​ റോക്കറ്റാക്രമണം അടിയന്തരമായി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്​ മഹ്​മൂദ്​ അബ്ബാസിനോട്​ ആവശ്യപ്പെടുകയും ചെയ്​തു.

”ഈ പുതിയ സംഘര്‍ഷം ഇസ്രായേലിലും ഫലസ്​തീനിലും കുട്ടികളുള്‍പെടെ സാധാരണക്കാരുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്​. ഗസ്സയിലെ ഹമാസും മറ്റു തീവ്രവാദികളും നടത്തുന്ന റോക്കറ്റാക്രമണങ്ങള്‍ക്കെതിരെ ഇ​സ്രായേലിന്​ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന്​ ഉറച്ച പിന്തുണ നല്‍കുന്നു. ഇസ്രായേലിലുടനീളം പട്ടണങ്ങളും നഗരങ്ങളും ലക്ഷ്യമിട്ട്​ നടത്തുന്ന വിവേചനമില്ലാത്ത ആക്രമണങ്ങളെ അപലപിക്കുകയും ചെയ്യുന്നു”- വൈറ്റ്​ഹൗസ്​ പ്രസ്​താവനയില്‍ അറിയിച്ചു.

അതേ സമയം, അമേരിക്കന്‍ പ്രസിഡന്‍റുമായി സംഭാഷണ ശേഷം ഗസ്സയില്‍ ആക്രമണം തുടരുമെന്ന്​ ഇസ്രായേല്‍ പ്രധാനമന്ത്രി ​ബിന്‍യമിന്‍ നെതന്യാഹു വ്യക്​തമാക്കി. ഇനിയും റോക്കറ്റ്​ തൊടുക്കാന്‍ അര്‍ഹര​ല്ല ഹമാസെന്ന്​ പഠിപ്പിക്കുകയാണ്​ ​ലക്ഷ്യമെന്ന്​ നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക്​ ശക്​തമായ പിന്തുണ അമേരിക്ക വാഗ്​ദാനം ചെയ്​ത സാഹചര്യത്തിലാണ്​ ഇനിയും ആക്രമിക്കാന്‍ തീരുമാനം.