കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ രണ്ടു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോന്നി, കോഴഞ്ചേരി താലൂക്കുകളിലാണു രണ്ടു ക്യാമ്പുകള്‍ തുറന്നത്. 17 പേരാണ് രണ്ടു ക്യാമ്പുകളിലായി കഴിയുന്നത്. എട്ടു പുരുഷന്മാരും എട്ടു സ്ത്രീകളും ഒരു ആണ്‍കുട്ടിയുമാണു ക്യാമ്പിലുള്ളത്.

കോഴഞ്ചേരി താലൂക്കില്‍ ഒരു കുടുംബത്തിലെ മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പടെ അഞ്ചുപേരാണുള്ളത്. കോന്നിയില്‍ മൂന്നു കുടുംബത്തിലെ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പടെ 12 പേരാണ് കഴിയുന്നത്. കോവിഡ് രോഗ ലക്ഷണമുള്ളവരോ, ഹോം ക്വാറന്റൈനില്‍ ഉള്ളവരോ ഇതുവരെ ക്യാമ്പുകളില്‍ ഇല്ല.
പരിയാരം മോനിഷഭവനില്‍ മോഹനന്‍ എന്നയാളിന്റെ വീടിന് മുകളില്‍ മരം വീണ് ഭാഗിക നഷ്ടം ഉണ്ടായി. തെള്ളിയൂര്‍ വില്ലേജില്‍ ഒറ്റമാങ്കല്‍ ജേക്കബ് മാത്യുവിന്റെ വീടില്‍കാറ്റിലും മഴയിലും പുളിമരം വീണ് വീടിന് ഭാഗിക കേടുപാടുകള്‍ ഉണ്ടായി.അടൂര്‍ താലൂക്കില്‍ പന്തളം തെക്കേക്കര വില്ലേജില്‍ ഭാഗവതിക്കും പടിഞ്ഞാറ് അഞ്ചാം വാര്‍ഡില്‍ കിഴവരകാലയില്‍ രാജന്റെ വീടിനു മുകളില്‍ പ്ലാവ് വീണു മേല്‍ക്കൂരക്ക് കനത്ത നാശം സംഭവിച്ചു. ഏനാദിമംഗലം വില്ലേജില്‍ ആലേപ്പടി, മങ്ങാട് കെ.പി റോഡില്‍ നിന്നിരുന്ന വാകമരം വീണ് ഗോകുലം വീട്ടില്‍ പ്രഭാകരന്‍ എന്നയാളുടെ വീടിനും കടമുറിക്കും സമീപത്തുള്ള എസ്.എന്‍.ഡി.പിമന്ദിരത്തിനും ഭാഗിക നാശനഷ്ടമുണ്ടായി.

അടൂര്‍ താലൂക്കില്‍ഇടത്തിട്ട മുറിയില്‍ ഒറ്റപ്പാവിളയില്‍ മധുവിന്റെ വീടിന്റെ മുകളിലേക്ക് ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും സമീപത്തു നിന്നിരുന്ന പ്ലാവ് മരം വീണ് വീട്ടിന് ഭാഗികമായ നാശം ഉണ്ടായിട്ടുണ്ട്.ഏഴംകുളം വില്ലേജില്‍ നെടുമണ്‍ മുറി, കാഞ്ഞിരക്കാട് പുത്തന്‍ വീട്ടില്‍ സുജാ സജി വീടിന്റെ മുകളില്‍ മരം വീണ് ഭാഗീക നാശനഷ്ടം സംഭവിച്ചു. തുമ്പമണ്‍ വില്ലേജില്‍ കടമ്പനാട്ടുപടിഞ്ഞാറേപ്പുര ഉണ്ണികൃഷ്ണന്‍നായരുടെ വീടിന് മുകളിലേക്ക് മരം വീണ് ഭാഗികമായ നാശനഷ്ടമുണ്ടായി. പെരിങ്ങര വില്ലേജില്‍ മേപ്രല്‍ പുത്തന്‍പറമ്പില്‍ സദാനന്ദന്‍ എന്ന ആളുടെ വീടിന്റെ മുകളില്‍ മരം വീണു. ഷീറ്റ്, ഭിത്തികള്‍ തകര്‍ന്നു.

ഇന്നലെ രാവിലെ ഉണ്ടായ കാറ്റില്‍ കടമ്പനാട് മണ്ണടി എസ്ബിഐക്ക് സമീപം പീടികയില്‍ വീട്ടില്‍ മിനി ലൂക്കോസ് എന്നയാളുടെ വീടിന് മുകളിലേക്ക് മരം വീണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. കുരമ്പാല വില്ലേജില്‍ തവളംകുളം അനിതാ ഭവനില്‍ അജി കുമാറിന്റെ വീടിനു മുകളില്‍ ഇന്നലെ വൈകിട്ടത്തെ കാറ്റില്‍ മരം വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു.കുറ്റൂര്‍ വില്ലേജില്‍ തൈമറവും കര മുറിയില്‍ കല്ലുവെട്ടു കുഴിയില്‍ വിജയമ്മ മനോഹരന്റെ വീടിനു മുകളിലേക്കു മരം വീണുഭാഗികമായി തകര്‍ന്നു. ആളപായമില്ല