കാനഡ ∙ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യയ്ക്ക് സഹായവുമായി പ്രശസ്ത ടെക്നോളജി–മീഡിയാ കമ്പനിയായ റോജേഴ്സ് കമ്മ്യൂണിക്കേഷൻസ് കാനഡ. മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് ക്ഷാമം അനുഭവിക്കുന്ന പശ്ചാത്തലത്തിൽ റോജേഴ്സ് 100,000 ഡോളർ ഇന്ത്യയ്ക്കായി സംഭാവന ചെയ്തു.

ഇന്ത്യയിലെ പ്രാദേശിക മെഡിക്കൽ സംഘടനകളുമായി സഹകരിക്കുന്ന കനേഡിയൻ റെഡ് ക്രോസ് വഴിയാണ് തുക കൈമാറിയത്. ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, ജനറേറ്ററുകൾ തുടങ്ങി ഈ സമയത്ത് അത്യാവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ഈ പണം ഉപകരിക്കും.

ഇന്ത്യയ്ക്ക് ഇത്തരത്തിൽ സഹായം നൽകാൻ റോജേഴ്സ് തയാറായതിൽ അതിയായ കൃതഞ്ജതയുണ്ടെന്ന് കനേഡിയൻ റെഡ് ക്രോസ് ഇന്റർനാഷനൽ കോഓപ്പറേഷൻ ആൻഡ് പ്രോഗ്രാംസ് സീനിയർ ഡയറക്ടർ കെൽസി ലെമൻ പറഞ്ഞു. റോജേഴ്സിന്റെ സഹായം ജീവൻ നിലനിർത്താൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ശക്തമായ കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ ഉൾപ്പെടെ പല അത്യാവശ്യ മെഡിക്കൽ വസ്തുക്കൾക്കും ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. പല ആശുപത്രികളിലും ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്ന സാഹചര്യവും ഉണ്ടായി.