ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച കായിക താരങ്ങളുടെ വാര്‍ഷിക വരുമാന കണക്കില്‍ ഫുട്‍ബോളിലെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ലയണല്‍ മെസിയെയും കടത്തിവെട്ടി യുഎഫ്‌സി താരം. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്ട്സിലെ സൂപ്പര്‍ താരം കോണര്‍ മക്ഗ്രെഗറാണ് പട്ടികയില്‍ ഒന്നാമത്.

180 മില്യണ്‍ ഡോളറാണ് കോണര്‍ മക്ഗ്രെഗറുടെ വാര്‍ഷിക വരുമാനം. പട്ടികയില്‍ രണ്ടാമതുള്ള മെസിയുടെ വരുമാനം 130 മില്യനാണ്. മെസിയേക്കാള്‍ 10 മില്യന്റെ കുറവ് മാത്രമേ ക്രിസ്റ്റ്യാനോയ്ക്കുള്ളൂ. അമേരിക്കന്‍ ഫുട്‍ബോള്‍ ലീഗ് താരം ഡാക് പ്രെസ്‌കോട്ടാണ് നാലാമതുള്ളത്. 107.5 മില്യണ്‍ ഡോളറാണ് പ്രെസ്‌കോട്ടിന്റെ വരുമാനം.

പിന്നീടുള്ള താരങ്ങള്‍ക്കൊന്നും നൂറ് മില്യണ്‍ വരുമാനമില്ല. അഞ്ചാമതുള്ള ബാസ്കറ്റ്ബാള്‍ താരം ലെബ്രോണ്‍ ജെയിംസിന്റെ വരുമാനം 96.5 മില്യനാണ്. ബ്രസീലിയന്‍ ഫുട്‍ബോളര്‍ നെയ്‌മര്‍ 95 മില്ല്യനുമായി തൊട്ടുപിന്നിലുണ്ട്. ഏഴാമതുള്ള റോജര്‍ ഫെഡററാണ് ഏറ്റവും വരുമാനമുള്ള ടെന്നീസ് താരം. 90 മില്യനാണ് സ്വിസ്സ് താരത്തിന്റെ വാര്‍ഷിക വരുമാനം.

ഫോര്‍മുല വണ്‍ റേസര്‍ ലൂയിസ് ഹാമില്‍ട്ടണ്‍, അമേരിക്കന്‍ ഫുട്ബോള്‍ താരം ടോം ബ്രാഡി, ബാസ്‌ക്കറ്റ് ബോള്‍ താരം കെവിന്‍ ഡൂറന്റ് എന്നിവരും ആദ്യ പത്തില്‍ ഇടംപിടിച്ചു.