കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവയുടെ വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച്‌ നടി സീമ ജി. നായര്‍. വേദനകള്‍ ഇല്ലാത്ത ലോകത്തേക്കു എന്റെ നന്ദൂട്ടന്‍ പോയി എന്ന് സീമ ഫേസ്‌ബുക്കില്‍ കുറിച്ചു.

സീമ ജി. നായരുടെ കുറിപ്പ്:

അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി. ഇന്ന് കറുത്ത ശനി. വേദനകള്‍ ഇല്ലാത്ത ലോകത്തേക്കു എന്റെ നന്ദൂട്ടന്‍ പോയി (നന്ദു മഹാദേവ). എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു.. ഈശ്വരന്റെ കാലു പിടിച്ചപേക്ഷിച്ചു അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷെ.. പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്..

മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാന്‍ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിരുന്നു. എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്.

കോഴിക്കോട് എം വി ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ 3.30ന് ആയിരുന്നു നന്ദു മഹേദേവന്റെ അന്ത്യം. ‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു സോഷ്യല്‍ മീഡിയയിലൂടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റു പോകരുതെന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കിയ വ്യക്തിയായിരുന്നു.