കേസുകളും മരണവും പരിഗണിക്കുമ്ബോള്‍ ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനം ഗബ്രിയോസസ്. കോവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ അപകടകരം ആണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് ആകെ കേസുകള്‍ ഒരു കോടി എത്തിയത്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ അത് രണ്ട് കോടിയായി ഉയര്‍ന്നുവെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

‘രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, മൊബൈല്‍ ഫീല്‍ഡ് ആശുപത്രി ടെന്‍ഡ്, മാസ്‌ക്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ലോകാരോഗ്യ സംഘടന അയച്ചിട്ടുണ്ട്. ഈ ഗുരുതരാവസ്ഥയില്‍ ഇന്ത്യക്ക് സഹായവും പിന്തുണയും നല്‍കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു,’ ടെഡ്രോസ് മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ അടിയന്തര സാഹചര്യം ഇന്ത്യയില്‍ മാത്രമല്ല നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, തായ്ലന്‍ഡ്, കമ്ബോഡിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും കോവിഡിന്റെ തീവ്രതയിലേക്ക് കടന്നിരിക്കുകയാണ്. ആഫ്രിക്കയിലും രോഗവ്യാപനം കൂടുന്നതായി കാണുന്നു. എല്ലാത്തരത്തിലും ലോകാരോഗ്യ സംഘടനയുടെ സഹായം ഉണ്ടാകും,’ ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.

ഇതിനോടകം തന്നെ 33 ലക്ഷത്തോളം പേരാണ് മഹാമാരി ബാധിച്ച്‌ ലോകത്ത് മരിച്ചത്. ഒന്നാം തരംഗത്തിനേക്കാള്‍ ഭീകരമായ രണ്ടാം തരംഗത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ആളുകളുടെ ജീവന്‍ രക്ഷിക്കാനും കോവിഡിനെ മറികടക്കാനും പൊതുജനാരോഗ്യത്തിനൊപ്പം വാക്സിനേഷനുമാണ് ഏക മാര്‍ഗമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.