കേവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച സംസ്​ഥാനങ്ങളില്‍ ഒന്നാണ്​ ഡല്‍ഹി. കോവിഡ്​ മരണങ്ങള്‍ കാരണം സംസ്​ഥാനത്തെ ശ്​മശാനങ്ങളിലെ നീണ്ട വരികളും തിരക്കും വലിയ വാര്‍ത്തയായിരുന്നു. രണ്ടാം തരംഗത്തില്‍ നവജാത ശിശുക്കളും കുട്ടികളും മരിക്കുന്ന സംഭവങ്ങളും കൂടി വരികയാണ്​.

ഒരാഴ്ചക്കിടെ ഒമ്ബത്​ മാസം പ്രായമായ കൃഷു, അഞ്ച്​ മാസം പ്രായമായ പാരി എന്നീ രണ്ട്​ കുഞ്ഞുങ്ങളെയാണ്​ സീമാപുരി ശ്​മശാനത്തില്‍ സംസ്​കരിച്ചത്​. രണ്ടാം കോവിഡ്​ തരംഗത്തിന്​ ശേഷം രാജ്യതലസ്​ഥാനത്ത്​ 2000ത്തിലധികം മൃതദേഹങ്ങള്‍ സംസ്​കരിക്കാന്‍ സഹായിച്ച സാമൂഹിക പ്രവര്‍ത്തകനും മുന്‍ നിയമസഭാംഗവുമായ ജിതേന്ദ്ര സിങ്​ ശൗണ്ടി ഈ രണ്ട്​ കുട്ടികളുടെയും മൃതദേഹം ഏറ്റുവാങ്ങവെ കരഞ്ഞുപോയ അവസ്​ഥ വിവരിച്ചിരുന്നു.

‘കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മൂന്ന് ശിശുക്കളുടെയും ഒരു ഗര്‍ഭസ്​ഥ ശിശുവിന്‍റെയും മൃതദേഹങ്ങളാണ്​ ഞങ്ങള്‍ക്ക് ലഭിച്ചത്​. സാധാരണയായി ഞങ്ങള്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാറില്ല. ഒന്നുകില്‍ അവരെ മറവ്​ ചെയ്യുകയോ അല്ലെങ്കില്‍ നദിയില്‍ ഒഴുക്കുകയോ ആണ്​ ചെയ്യാറ്​. പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുന്നത്​ അണുബാധ പടര്‍ത്തുമെന്നാണ്​ കരുതുന്നത്’ -ശൗണ്ടി പറഞ്ഞു​.

ആദ്യ തരംഗത്തെ അപേക്ഷിച്ച്‌​ കൂടുതല്‍ കുട്ടികളാണ് ഇപ്പോള്‍​ കോവിഡ്​ ബാധിതരായി ആശുപത്രികളിലെത്തുന്നതെന്ന്​ കണക്കുകള്‍ വ്യക്തമാക്കുന്നു. മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളടക്കം മഹാമാരി പിടിപെട്ട്​ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നു.

കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ച കൃഷുവിന്​ തിങ്കളാഴ്ചയാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രക്​തത്തിലെ ഓക്​സിജന്‍റെ അളവ്​ 31 ശതമാനമായി (90 ശതമാനത്തില്‍ കൂടുതലാണ്​ വേണ്ടത്​) കുറഞ്ഞു. വ്യാഴാഴ്ചയോടെ കുഞ്ഞ്​ മരണത്തിന്​ കീഴടങ്ങി. 18 ദിവസങ്ങള്‍ക്ക്​ മുമ്ബ്​ കൃഷുവിന്‍റെ മാതാവിന്​ കോവിഡ്​ ബാധിച്ചിരുന്നു.

അതിന്​ തൊട്ടുമുമ്ബാണ്​ അഞ്ച്​ മാസം പ്രായമായ പാരിയും കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. വെന്‍റിലേറ്ററി​ന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന പാരി ന്യുമോണിയയും ഹൃദയാഘാതവും വന്നാണ്​ മരിച്ചത്​. ശ്​മശാനത്തിന്‍റെ അരികിലായി ഒഴിഞ്ഞുകിടന്ന ഇത്തിരി സ്​ഥലത്താണ്​ രണ്ട്​ കുഞ്ഞുങ്ങള്‍ക്കും അന്ത്യവിശ്രമമൊരുക്കിയതെന്ന്​ ശഹീദ്​ ഭഗത്​ സിങ്​ സേവാദള്‍ വളണ്ടിയര്‍മാര്‍ പറഞ്ഞു.

കുട്ടികളെ മറവ്​ ചെയ്യാനുള്ള സ്​ഥലപരിമിതി നേരിടുന്നതായാണ്​ സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്​. വലിയ ശ്മശാനങ്ങളായ നിഗംബോദ്​ ഘട്ട്, ഗാസിപൂര്‍ ഘട്ട്​ എന്നിവിടങ്ങളില്‍ ശിശുക്കളുടെ മൃതദേഹങ്ങള്‍ എടുക്കാന്‍ വ്യവസ്ഥയില്ല.

‘കോവിഡ് ബാധിച്ച്‌​ മരിച്ച ശിശുക്കളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ ഞങ്ങള്‍ എടുക്കുന്നില്ല. ഞങ്ങള്‍ക്ക് അവരെ സംസ്​കരിക്കാനുള്ള സ്ഥലമില്ല. കോവിഡ്​ ബാധിച്ച്‌​ മരിച്ച കുട്ടികളുടെ ശവസംസ്​കാരത്തിന്​ പ്രത്യേക പ്രോട്ടോക്കോള്‍ ഇല്ല’ -നിഗംബോദ്​ ഘട്ട്​ സഞ്ചലന്‍ സമിതി ജനറല്‍ സെക്രട്ടറി സുമന്‍ ഗുപ്​ത പറഞ്ഞു. ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പാലിറ്റികള്‍ ഇപ്പോള്‍ ശിശുക്കള്‍ക്കുള്ള ശ്മശാനങ്ങള്‍ക്കായി വഴി തേടുകയാണ്.