തൃശൂര്‍ കൊടുങ്ങല്ലൂരിലെ തീരമേഖലയില്‍ കടല്‍ക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എറിയാട് പഞ്ചായത്തില്‍ ഒന്നും എടവിലങ്ങ് പഞ്ചായത്തില്‍ രണ്ടും ശ്രീനാരായണപുരം പഞ്ചായത്തില്‍ ഒന്നും വീതമാണ് ക്യാമ്പുകള്‍ തുറന്നത്.

നാല് ക്യാമ്പുകളിലായി 83 ആളുകള്‍ താമസമാരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍
താമസിക്കാനെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള നടപടികളും ആരംഭിച്ചു. രോഗം സ്ഥിരീകരിക്കുന്നവരെ ഡിസിസി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും.

എടവിലങ്ങ് പഞ്ചായത്തിലെ കാര ഫിഷറീസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 10 കുടുംബങ്ങളിലായി 32 അംഗങ്ങളുണ്ട്. ഇതില്‍ 12 പേര്‍ പുരുഷന്മാരും 14 പേര്‍ സ്ത്രീകളും ആറ് പേര്‍ കുട്ടികളുമാണ്. എടവിലങ്ങ് കാര സെന്റ് ആല്‍ബന സ്‌കൂളില്‍ 7 കുടുംബങ്ങളിലായി 27 പേര്‍. 12 പുരുഷന്‍മാരും 9 സ്ത്രീകളും 6 കുട്ടികളും.

എറിയാട് പഞ്ചായത്തിലെ ഐഎംയുപി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ ഏഴു കുടുംബങ്ങളിലായി 21 അംഗങ്ങള്‍ ആണുള്ളത്. ഇതില്‍ 10 പുരുഷന്മാരും 10 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. ശ്രീനാരായണപുരം പഞ്ചായത്തില്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ മാത്രമാണ് നിലവില്‍ താമസമാരംഭിച്ചിരിക്കുന്നത്. രാത്രിയിലും കടലേറ്റം തുടര്‍ന്നാല്‍ കൂടുതല്‍ പേര്‍ ക്യാമ്പുകളിലെത്തുമെന്നാണ് പ്രതീക്ഷ. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രോഗഭീതി മൂലം കൂടുതല്‍ ആളുകളും ക്യാമ്പിലേക്ക് പോകാതെ ബന്ധുവീടുകളിലാണ് അഭയം തേടുന്നത്.

എറിയാട് പഞ്ചായത്തിലെ ചന്ത കടപ്പുറം, ആറാട്ടുവഴി, ലൈറ്റ് ഹൗസ്, എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡ്, കാര വാക്കടപ്പുറം, ശ്രീനാരായണപുരം പഞ്ചായത്തിലെ ശ്രീകൃഷ്ണ മുഖം ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. വ്യാഴാഴ്ച ആരംഭിച്ച കടല്‍ക്ഷോഭം വെള്ളിയാഴ്ച രാവിലെയോടെ രൂക്ഷമാവുകയായിരുന്നു. മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ മത്സ്യബന്ധനത്തിന് ആരും തന്നെ കടലിലിറങ്ങിയിരുന്നില്ല.

എറിയാട് ഒരു വീട് ഭാഗികമായും എടവിലങ്ങില്‍ ഒരു ക്ഷേത്രവും കടലാക്രമണത്തില്‍ തകര്‍ന്നു. നിരവധി വീടുകള്‍ വെള്ളത്തിലായി. എറിയാട് കാര്യേഴത്ത് ഗിരീഷിന്റെ വീടാണ് തകര്‍ന്നത്. എടവിലങ്ങ് കാര വാക്കടപ്പുറം ചോറ്റാനിക്കര ദേവി ക്ഷേത്രവും കടലാക്രമണത്തില്‍ തകര്‍ന്നു. കടല്‍ഭിത്തി കടന്നെത്തിയ തിര ഒരു കിലോമീറ്ററിലധികം പ്രദേശത്ത് വെള്ളക്കെട്ട് സൃഷ്ടിച്ചു.
പലയിടങ്ങളിലും ജിയോ ബാഗ് തടയണ തകര്‍ന്നതിനെ തുടര്‍ന്ന് ജനവാസ മേഖല വേലിയേറ്റ ഭീഷണിയിലാണ്.

ഇ ടി ടൈസണ്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും റവന്യൂ അധികൃതരും പൊലീസും സ്ഥലത്തെത്തി കടല്‍ക്ഷോഭ മേഖലകളില്‍ എത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണ്.

കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഗ്രാമപഞ്ചായത്തുകളും റവന്യൂ വകുപ്പും ചേര്‍ന്ന് താത്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നുണ്ട്.
ശക്തമായ മഴയും തിരയടിയും ഒപ്പം കൊവിഡ് ഭീഷണിയും മറികടന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കടല്‍ക്ഷോഭം രണ്ട് ദിവസം കൂടി തുടരുമെന്നതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.