തൃശൂര്‍ കൊടുങ്ങല്ലൂര്‍ തീരദേശ മേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭം. എറിയാട് ഒരു വീട് ഭാഗികമായി തകര്‍ന്നു. എടവിലങ്ങ് കാര വാക്കടപ്പുറം ചോറ്റാനിക്കര ദേവി ക്ഷേത്രം കടലാക്രമണത്തില്‍ തകര്‍ന്നു. നൂറോളം വീടുകള്‍ വെള്ളത്തിലായി. ഒരു കിലോമീറ്ററില്‍ അധികം പ്രദേശം വെള്ളക്കെട്ടിനടിയിലായെന്നും വിവരം.

ചാവക്കാടും കടല്‍ ക്ഷോഭം രൂക്ഷമാണ്. പലയിടങ്ങളിലും വീടുകളിലേക്ക് തിരയടിച്ച് കേറിയത് ജിയോ ബാഗ് തടയണ തകര്‍ന്നതിനാലാണെന്നും വിവരം. പ്രദേശം എംഎല്‍എ സന്ദര്‍ശിച്ചു.

ആളുകള്‍ക്ക് വേണ്ടി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എന്നാല്‍ കൊവിഡ് ഭീതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകള്‍ എത്തുന്നില്ല. പലരും ബന്ധു വീടുകളിലേക്കും സുഹൃത്തുകളുടെ വീടുകളിലേക്കും മാറുകയാണ്.

അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കി. അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.