ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ 14 ശതമാനം കുറവുണ്ടായതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. സംസ്ഥാനത്തു നിലവില്‍ ഓക്‌സിജന്‍ മിച്ചം ഉണ്ടെന്നും അത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തയാറാണെന്നും സിസോദിയ വ്യക്തമാക്കി.

അതേസമയം ചെന്നൈയില്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ ആറ് രോഗികള്‍ മരിച്ചു. കിടക്കകള്‍ ഒഴിവില്ലായതിനെ തുടര്‍ന്ന് ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലായാണ് സംഭവം.

യുപിയിലെ ഉന്നാവോയില്‍ ഗംഗാ തീരത്ത് കൂട്ടമായി സംസ്‌കരിച്ച നിലയില്‍ 10 മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ മൂന്നുലക്ഷത്തിഅറുപത്തിരണ്ടായിരത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 4120 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ ഒന്നുവരെ നീട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.