കൊവിഡ് ബാധിച്ച്‌ മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതുമൂലവും ചില മരണങ്ങള്‍ സംഭവിക്കുന്നു.ഇപ്പോഴിതാ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഗിരി കുമാര്‍ അത്തരത്തിലൊരു അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്‌

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബഹുമാന്യരെ, ഇത്‌ ഒരു അപേക്ഷ ആണ്… കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ എത്രയും പെട്ടെന്ന് മറ്റുള്ളവരുടെ സുരക്ഷ കൂടി കരുതി ക്വാറന്റൈന്‍ സ്വയം ആകണം… ആ വീട്ടുകാരും ടെസ്റ്റ്‌ നടത്തണം,ക്വാറന്റൈന്‍ ആകണം… കൂടാതെ ആശാവര്‍ക്കര്‍മാര്‍, ഹെല്‍ത്ത് ജീവനക്കാര്‍, വോളന്റീര്‍സ് എന്നിവര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കണം… ഇന്നലെ (09:05:21)ഒരു കോവിഡ് രോഗിക്ക് അസുഖം കൂടിയപ്പോള്‍ ഉച്ച മുതല്‍ ആശാവര്‍ക്കര്‍മാരും നഴ്സും മുന്‍കൗണ്‍സിലര്‍ കോമളകുമാരി ടീച്ചര്‍ ഒക്കെ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഹോസ്പിറ്റലില്‍ പോകാന്‍ തയ്യാര്‍ ആയില്ല…

ഒടുവില്‍ രാത്രി ബോധക്ഷയം വന്നു… ആ വീട്ടില്‍ ആകെ ഉണ്ടായിരുന്ന അമ്മ നിസ്സഹായയായി നോക്കിനില്‍ക്കേണ്ടി വന്നു… അറിഞ്ഞപ്പോള്‍ തന്നെ സേവാഭാരതി ആംബുലന്‍സ് വരുത്തി പി പി കിറ്റും ധരിച്ചു ഞാനും കൂടെ ആ വീട്ടില്‍ പോയി നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം തണുത്തു തുടങ്ങിയിരുന്നു… വേഗം തന്നെ മെഡിക്കല്‍ കോളേജ് കോവിഡ് ക്യാഷ്വാലിറ്റിയില്‍ കൊണ്ട് എത്തിച്ചുവെങ്കിലും മരണപെട്ടിരുന്നു….

നേരത്തെ മറ്റുള്ളവര്‍ ഹോസ്പിറ്റലില്‍ പോകാന്‍ പറഞ്ഞപ്പോള്‍ പോയിരുന്നെങ്കില്‍ ജീവന്‍ രക്ഷപെടുമായിരുന്നു… ആംബുലന്‍സിന്റെ ക്ഷാമവും മറ്റും അറിയാവുന്ന നമ്മള്‍ രോഗം മൂര്‍ച്ഛിക്കുന്നത് വരെ കാത്തിരിക്കരുത്… മകന്റെ അവസ്ഥ കണ്ടു വിഷമിച്ചു കരയുന്ന അമ്മ സമയത്ത് മകനെ ഹോസ്പിറ്റലില്‍ എത്തിച്ചില്ല എന്ന് പരാതിപ്പെടുന്നു.

ആ അമ്മയെ കുറ്റം പറയുന്നില്ല… പക്ഷെ ആ മകന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ അമ്മയ്ക്ക് വാര്‍ദ്ധക്യത്തില്‍ കൈത്താങ്ങായി ഉണ്ടായിരുന്നേനെ….കോവിഡ് രണ്ടാം തരംഗത്തില്‍ പേടിയും വേണം ജാഗ്രതയും വേണം നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും വേണം … നമ്മുടെ ജീവന് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്ക് വേണ്ടിയും….

അഡ്വ: വി. ജി. ഗിരികുമാര്‍

കൗണ്‍സിലര്‍,

പി റ്റി പി വാര്‍ഡ്

വിളിച്ചപ്പോള്‍ തന്നെ സേവാഭാരതി ആംബുലന്‍സുമായി എത്തിച്ചേര്‍ന്ന അരുണിന് നന്ദി…