ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും മറ്റൊരു സന്തോഷവാര്‍ത്ത. ഐ സി സിയുടെ ഏറ്റവും ഒടുവിലായി പുറത്തുവിട്ട ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികളായ ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്. വ്യാഴാഴ്ച പുറത്തുവിട്ട എം ആര്‍ എഫ് ടയേഴ്‌സിന്റെ വാര്‍ഷിക അപ്‌ഡേറ്റ് പ്രകാരമാണ് ഈ റാങ്കിങ്ങ്. 2020 മെയ് മാസം മുതലുള്ള മത്സര ഫലങ്ങള്‍ പൂര്‍ണമായും, അവസാന രണ്ട് വര്‍ഷങ്ങളിലെ മത്സരഫലങ്ങള്‍ ഭാഗിമായും പരിഗണിച്ചാണ് ഏറ്റവും പുതിയ റാങ്കിങ്ങ് ഐ സി സി പുറത്തിറക്കിയിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. ഐ സി സി തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ഈ വര്‍ഷത്തെ ടെസ്റ്റ് റാങ്കിങ് ലിസ്റ്റ് പുറത്തുവിട്ടത്. 2017 മുതല്‍ 2021 വരെ തുടര്‍ച്ചായി ടെസ്റ്റ് വാര്‍ഷിക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കൈവരിക്കുന്ന ഇന്ത്യക്ക് ഇത് അഭിമാന നേട്ടമാണ്.

കരുത്തരായ ഇംഗ്ലണ്ട് 109 റേറ്റിങ്ങ് പോയിന്റുകളോടെ മൂന്നാം സ്ഥാനത്തും, 5 റേറ്റിങ്ങ് പോയിന്റുകള്‍ കുറഞ്ഞ ഓസ്‌ട്രേലിയ 108 പോയിന്റുകളോടെ നാലാം സ്ഥാനത്തുമാണുള്ളത്.121 പോയിന്റുള്ള ഇന്ത്യക്ക് ന്യൂസിലന്‍ഡിനോട് ഒരു റേറ്റിങ്ങ് പോയിന്റ് മാത്രമാണ് ലീഡുള്ളത്. ഓസ്‌ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും നേടിയ വിജയമാണ് ഇന്ത്യയെ ഒന്നാം സ്ഥാനത്ത് തുടരാന്‍ സഹായിച്ചത്. അതേ സമയം വെസ്റ്റ് ഇന്‍ഡീസിനെതിരെയും പാക്കിസ്ഥാനെതിരെയുള്ള വിജയമാണ് ന്യൂസിലന്‍ഡ് നേടിയത്. ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ രണ്ട് മത്സരങ്ങളിലും വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയെ പിന്നിലാക്കി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ന്യൂസിലാന്‍ഡിന് സാധിക്കും.

അതുകൊണ്ടു തന്നെ ജൂണില്‍ നടക്കാനിരിക്കുന്ന പ്രഥമ ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം ഇരു ടീമുകള്‍ക്കും തലപ്പത്തെത്താന്‍ നിര്‍ണായകമാകും. ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുടെ പരമ്ബരയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ മാത്രമേ റാങ്കിങില്‍ തലപ്പത്ത് തുടരാന്‍ കോഹ്ലിപ്പടയ്ക്ക് സാധിക്കുകയുള്ളൂ. ജൂണ്‍ 18 ന് സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്.

ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസുമാണ് റാങ്കിങില്‍ നേട്ടമുണ്ടാക്കിയ മറ്റുടീമുകള്‍. ഇംഗ്ലണ്ട് ഓസ്ട്രേലിയയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. സിംബാബ്വെയ്‌ക്കെതിരായ പരമ്ബര നേടിയ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സൗത്താഫ്രിക്ക ഏഴാം സ്ഥാനത്തേക്കും ശ്രീലങ്ക എട്ടാം സ്ഥാനത്തേക്കും പിന്തളളപ്പെട്ടു.