ന്യൂ ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്ന ജില്ലകള്‍ രണ്ട് മാസം വരെ അടച്ചിടണമെന്ന് ഐ.സി.എം.ആര്‍. ഇത്തരം ജില്ലകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിച്ചാല്‍ വന്‍ ദുരന്തമാണ് വരാനിരിക്കുന്നതെന്നും ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ രോഗവ്യാപനം പത്തു ശതമാനത്തില്‍ കൂടുതലുള്ള 533 ജില്ലകളാണുള്ളത്. രോഗസ്ഥിരീകരണനിരക്ക് പത്തില്‍നിന്ന് അഞ്ചു ശതമാനമെങ്കിലും ആയാല്‍ ജില്ലകള്‍ തുറന്നുകൊടുക്കാം.

നിലവിലെ സാഹചര്യത്തില്‍ അഞ്ച് ശതമാനത്തിലേക്കെത്താന്‍ ആറ് മുതല്‍ എട്ട് ആഴ്ചവരെ എടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം ഡല്‍ഹിയില്‍ രോഗവ്യാപന നിരക്ക് 17 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഉടനെ അടച്ചിടല്‍ അവസാനിപ്പിച്ചാല്‍ വലിയ ദുരന്തം സംഭവിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.