കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഈ മാസം 19-ലേക്ക് മാറ്റി. ഏഴുമാസത്തെ ജയിൽവാസം ബിനീഷിന് ജാമ്യം നൽകാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ അവധിക്കാല ബഞ്ചാണ് ഹർജി പരിഗണിച്ചത്.

നേരത്തേ വാദം കേട്ടിരുന്നുവെങ്കിലും ഹൈക്കോടതി അവധിക്ക് പിരിഞ്ഞതിനാൽ പുതിയ ജഡ്ജിയുടെ മുന്നിലാണ് ഇന്നലെ അപേക്ഷ എത്തിയത്. തുടർന്ന് വിശദമായ വാദം കേൾക്കാനായി ഹർജി 19-ലേക്ക് മാറ്റുകയായിരുന്നു. വ്യാപാരം നടത്തിയിരുന്നതിനാലാണ് ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിൽ കൂടുതൽ പണമെത്തിയതെന്നും പിതാവും സിപിഐഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന് ഗുരുതര രോഗമുള്ളതിനാൽ ശുശ്രൂഷിക്കാൻ നാട്ടിൽ പോകാൻ അനുവദിക്കണമെന്നുമുള്ള വാദങ്ങൾ ബിനീഷ് കോടിയേരിയുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു.

അതേസമയം, ബംഗളൂരു ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചിരുന്നു. എൻസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷ് പ്രതിയല്ല. എന്നാൽ ലഹരി ഇടപാടിലൂടെ ബിനീഷ് കോടികൾ സമ്പാദിച്ചുവെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിലുള്ളത്.

ബംഗളൂരു ലഹരിക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ രണ്ട് തട്ടിലാണ്. ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ലഹരിമരുന്ന് ഇടപാടിലൂടെ ബിനീഷ് കോടികൾ സമ്പാദിച്ചെന്നും ബിനാമികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.