അർദ്ധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, അത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മെയ് 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യതയുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലിൽ പോകരുത്. നിലവിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടുന്ന മൽസ്യ തൊഴിലാളികൾക്ക്, എത്രയും പെട്ടെന്ന് തീരത്ത് എത്തിച്ചേരൻ നിർദേശം നൽകിയിട്ടുണ്ട്. വായുസേനയുടെ ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സജ്ജമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുനം, വെള്ളപ്പൊക്കത്തിനുംമസാധ്യതയുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും, മലയോര മേഖലയിൽ മണ്ണിടിച്ചിൽ അപകടങ്ങൾ ഉണ്ടാവാനും സാധ്യത ഉള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.

കൊവിഡ് ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിനും വൈദ്യുത വകുപ്പിനും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 നമ്പറിൽ ഇ.ഓ.സിയുമായി ബന്ധപ്പെടാവുന്നതാണ്.