ആശുപത്രികളിലെത്തുന്ന രോഗികൾക്ക് താങ്ങും തണലുമായി നിന്ന് ശുശ്രൂഷിക്കുന്നവരാണ് നഴ്സുമാർ. ഒരു ആശുപത്രിയിൽ നഴ്‌സുമാർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ച് നിലവിലെ കോവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ. രോഗികളുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും അവ നിറവേറ്റുന്നതിനും നഴ്‌സുമാർ മുഴുവൻ സമയവും പ്രവർത്തിക്കുന്ന സമയമാണിത്.

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്റെ പ്രാധാന്യം

ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ സേവനമായാണ് നഴ്സിംഗിനെ കണക്കാക്കുന്നത്. രോഗികളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും സഹായകമായ നഴ്സുമാർക്ക് വിവിധ പരിശീലന സെഷനുകൾ ഈ ദിവസം നൽകാറുണ്ട്. മികച്ച ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നത് സംബന്ധിച്ച് നഴ്‌സുമാർക്ക് മികച്ച ധാരണയുണ്ടെന്നതിൽ സംശയമില്ല. നഴ്‌സുമാർക്ക് വിദ്യാഭ്യാസം, നിർദ്ദേശങ്ങൾ, വിപുലമായ പിന്തുണ എന്നിവ നൽകുന്നതിൽ ദേശീയ നഴ്‌സസ് അസോസിയേഷനുകൾ (എൻ‌എൻ‌എ) പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യ പരിപാലന രീതികൾ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സർക്കാർ, സർക്കാരിതര സംഘടനകളുമായി അടുത്ത സഹകരണത്തോടെയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത്.

ചരിത്രം

യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പിലെ എക്സിക്യൂട്ടീവ് ഡൊറോത്തി സതർ‌ലാൻ‌ഡ് ആണ് അന്നത്തെ പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസൻ‌ഹോവറിനോട് 1953 ൽ ആദ്യമായി “നഴ്‌സസ് ദിനം” ആചരിക്കാൻ നിർദ്ദേശിച്ചത്. പ്രസിഡന്റ് ഈ നിർദ്ദേശം അംഗീകരിച്ചില്ലെങ്കിലും, 1965 മുതൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് ഈ ദിനം ആചരിച്ചു തുടങ്ങി. ഒടുവിൽ 1974ൽ ഈ ദിവസത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. ആധുനികത നഴ്സിംഗിന്റെ ശിൽപ്പിയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12നാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. വിളക്കേന്തിയ വനിത എന്നാണ്‌ ഇവരെ വിശേഷിപ്പിക്കുന്നത്. ക്രീമിയൻ യുദ്ധകാലത്ത് പരിക്കേറ്റ പട്ടാളക്കാർക്കു നൽകിയ പരിചരണമാണ്‌ നൈറ്റിംഗേലിനെ പ്രശസ്തയാക്കിയത്.

ഇക്കുറി നഴ്സസ് ദിനത്തിൽ ചലച്ചിത്ര താരങ്ങളും നേഴ്‌സുമാർക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്.

 

 

എല്ലാ വര്‍ഷവും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (lCN) അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ഒരു മുദ്രാവാക്യം പുറത്തിറക്കാറുണ്ട്. 2021 ലെ നഴ്‌സസ് ദിനത്തിന്റെ അഥവാ നഴ്‌സിങ്ങ് വാരാഘോഷത്തിന്റെ മുദ്രാവാക്യം (Theme or slogan) ‘Nurses – A voice to lead – A vision for future health care’ എന്നതാണ്.