ന്യൂഡല്‍ഹി: രാജ്യത്ത് ലക്ഷത്തിലേറെ കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന 13 സംസ്ഥാനങ്ങളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17 സംസ്ഥാനങ്ങളില്‍ 50,000ല്‍ താഴെയാണ് രോഗികളുടെ എണ്ണം.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, യു.പി, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ഹരിയാന, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ലക്ഷത്തിലേറെ പേര്‍ ചികിത്സയിലുള്ളത്.

ദേശീയ തലത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമാണ്. ഏപ്രില്‍ 30ന് ഒറ്റ ദിവസം 19,45,299 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിത്. ഇത് ലോകത്തിലെ തന്നെ ഒരു ദിവസത്തെ ഉയര്‍ന്ന നിരക്കാണെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

എല്ലാ പൊതു-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് നടത്താന്‍ അനുവാദം നല്‍കും. ഇതിന് പ്രത്യേക അനുമതി ആവശ്യമില്ല -അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, തെലങ്കാന, ചണ്ഡീഗഢ്, ലഡാക്ക്, ദാമന്‍ ദിയു, ലക്ഷദ്വീപ്, ആന്തമാന്‍ നികോബാര്‍ എന്നിവിടങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 26.77 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 79 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 32,978 പേര്‍ ഇന്ന്​ രോഗമുക്തി നേടി