ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഹസിക്ക് കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. ഹസി ചെന്നൈയിലെ ഹോട്ടലിൽ ഐസൊലേഷനിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹസിക്ക് ആദ്യം കൊവിഡ് പോസിറ്റീവായത്. ഡൽഹിയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസിൽ ചെന്നൈയിലെത്തിക്കുകയായിരുന്നു.

ഐപിഎൽ ടീം താരങ്ങളും സപ്പോർട്ട് സ്റ്റാഫുകളുമൊക്കെ അവരവരുടെ നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ഓസ്ട്രേലിയയിൽ യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ ഓസീസ് താരങ്ങൾ താത്കാലികമായി മാൽദീവ്സിൽ കഴിയുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ ഇനി മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് മാത്രമാണ് ബാക്കിയുള്ളത്. ഫ്ലെമിങ് നാളെ ഇന്ത്യ വിടും. ഒരു തവണ കൂടി കൊവിഡ് നെഗറ്റീവായാൽ ഹസിയും മാൽദീവ്സിലേക്ക് പോകും.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.