ഡാലസ് ∙ ഡാലസ് കൗണ്ടിയിലെ പന്ത്രണ്ടിനും പതിനഞ്ചിനും വയസ്സിനിടയിലുള്ള കുട്ടികൾക്കു വാക്‌സീൻ നൽകുന്നതിനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു. 5000 ത്തിലധികം കുട്ടികൾ റജിസ്റ്റർ ചെയ്‌തതായി അധികൃതർ അറിയിച്ചു.

ഫൈസർ വാക്‌സീനാണ് കുട്ടികൾക്കായി തയാറാക്കിയിട്ടുള്ളത്. ഇതുവരെ 16 വയസ്സിനു മുകളിലുള്ളർവർക്കു മാത്രമാണു വാക്‌സീൻ നൽകിയിരുന്നത്. എഫ്സിഎ, സിഡിസി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വാക്‌സീൻ നൽകും. ഈ ആഴ്ച തന്നെ അതിനുള്ള അംഗീകാരം ലഭിക്കുമെന്നതിനാലാണ് റജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. ഡാലസ് ഫെയർ പാർക്കാണു കുട്ടികൾക്കു വാക്‌സിൻ നൽകുന്നതിനുള്ള സുപ്രധാന പങ്കു വഹിച്ചത്.

വാക്‌സീൻ ലഭിക്കുന്നതിനു മാതാപിതാക്കൾ കുട്ടികളുടെ പേര് റജിസ്റ്റർ ചെയ്യണമെന്നും കുട്ടികളുമായി വാക്‌സിൻ നൽകുന്ന സ്ഥലത്തേക്ക് വരാൻ കഴിയാത്തവർക്കു വേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സ്‌കൂളുകളിൽ നിന്നും കുട്ടികളെ വാക്‌സീൻ സ്വീകരിക്കാൻ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ മാതാപിതാക്കൾ പ്രയോജനപ്പെടുത്താമെന്നും അറിയിച്ചു.