1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിക്കാതെയായിരുന്നു സിപിഎമ്മും ഇടതു മുന്നണിയും പോരാട്ടത്തിനിറങ്ങിയത്. ജയിച്ചാൽ കെ.ആർ. ഗൗരിയമ്മ മുഖ്യമന്ത്രിയാകും എന്നായിരുന്നു അനൗദ്യോഗിക പ്രചാരണം. നേതാക്കളും അണികളും അതേറ്റെടുത്തു. എം.വി. രാഘവനും സംഘവും അവതരിപ്പിച്ച ബദൽരേഖയെ പിന്തുണച്ചതിന്റെ പേരിൽ ഇ.കെ. നായനാരോട് പാർട്ടി നേതൃത്വത്തിനുണ്ടായിരുന്ന അതൃപ്തിയായിരുന്നു ഇതിനു കാരണം. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിക്കട്ടേ എന്നായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യ മുദ്രാവാക്യം. കേരളത്തിലങ്ങോളമിങ്ങോളം അത് അലയടിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിച്ചതിനു പിന്നാലെ പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞു. ഇ.കെ.നായനാർ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു, പിന്നാലെ മുഖ്യമന്ത്രിയുമായി. ഗൗരിയമ്മയോടു സിപിഎം കാട്ടിയത് ചതിയാണെന്ന് പാർട്ടിക്കകത്തും പുറത്തുംനിന്നു വിമർശനമുയർന്നു. അവഗണനയിൽ ഗൗരിയമ്മ ക്ഷുഭിതയായി. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയി. ഗൗരിയമ്മയെ അനുനയിപ്പിച്ച പാർട്ടി നായനാർ മന്ത്രിസഭയിൽ വ്യവസായം, എക്‌സൈസ് വകുപ്പുകൾ നൽകി മന്ത്രിയാക്കി.

എന്നാൽ, ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകള്‍ നിലനിര്‍ത്തിയതിന്റെ പേരില്‍ സിഐടിയു പിണങ്ങിയതോടെ എക്‌സൈസ് വകുപ്പ് ഗൗരിയമ്മയിൽനിന്ന് എടുത്ത് ടി.കെ.രാമകൃഷ്ണനു നൽകി. തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളിലും കല്ലുകടിച്ചു. വിവിധ വ്യവസായ മേഖലകളില്‍ സിഐടിയുവിന്റെ താല്‍പര്യത്തിനു വിരുദ്ധമായി ഗൗരിയമ്മ നടപ്പാക്കിയ പദ്ധതികള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പക്ഷേ പാർട്ടിയിൽനിന്നു നേരിട്ടത് കടുത്ത സമ്മർദമായിരുന്നു.

മികച്ച നിയമസഭാ സാമാജികയ്ക്കുള്ള ബഹുമതി കിട്ടിയതിനെ തുടര്‍ന്നു ചേര്‍ത്തലയില്‍ മറ്റു പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളില്‍ ഗൗരിയമ്മ പങ്കെടുത്തതിനെതിരെ പാർട്ടിയിൽ വിമർശനമുയർന്നു. സ്വീകരണത്തിൽ പങ്കെടുത്തത് അച്ചടക്കലംഘനമാണെന്നായിരുന്നു പാർട്ടിയുടെ കണ്ടെത്തൽ. പാര്‍ട്ടി വിവരങ്ങള്‍ പത്രങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്നെന്നും ആരോപണമുയര്‍ന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രൂപം നല്‍കിയ സ്വാശ്രയസമിതിയില്‍ ഗൗരിയമ്മ അധ്യക്ഷയായതും പാര്‍ട്ടിയെ ചൊടിപ്പിച്ചു. സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒഴിയാതിരുന്നതോടെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഗൗരിയമ്മയ്ക്കെതിരെ തയാറാക്കിയ റിപ്പോർ‌ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെ പാര്‍ട്ടിയില്‍നിന്നു പുറത്തേക്ക്.

>തുടർന്ന് രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതിയാണു പില്‍ക്കാലത്തു ജെഎസ്എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയായത്. ഇതിനിടെ ജെഎസ്എസ് പിളർന്ന് രണ്ടായി. യുഡിഎഫിനോടു പിണങ്ങി മുന്നണി വിട്ട ഗൗരിയമ്മ അവസാനകാലത്ത് സിപിഎമ്മുമായി അടുപ്പം പുലർത്തിയിരുന്നു. പാർട്ടിയിലേക്കു തിരിച്ചെത്തിക്കണമെന്ന് പല കോണിൽനിന്നും ആവശ്യങ്ങളുയരുകയും ചെയ്തു.