എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിക്കുമ്പോൾ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും.

ഒരു ഫോൺ കോളിനപ്പുറം വേണ്ടപ്പെട്ട ഒരാൾ ഇല്ലാതായിപ്പോകുന്നതു വല്ലാത്തൊരു ഞെട്ടലാണ്. ഇതു തീരെ പ്രതീക്ഷിക്കാത്തൊരു യാത്രയാണ്. ‘രാജാവിന്റെ മകൻ’, ‘ഭൂമിയിലെ രാജാക്കന്മാർ’, ‘മനു അങ്കിൾ’, ‘അപ്പു’ തുടങ്ങിയ സിനിമകളിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനായി.

‘രാജാവിന്റെ മകൻ’ രണ്ടാം ഭാഗത്തിനായി ഒരുങ്ങിയതാണ്. പക്ഷേ നടന്നില്ല. വീണ്ടും ഇരിക്കാമെന്നു പറഞ്ഞിരുന്നു. സിനിമ അങ്ങനെയാണ്. ഒരു കാലത്തെ മലയാള സിനിമയെ നയിച്ച എഴുത്തുകാരനെയാണു നഷ്ടമാകുന്നത്.

സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്റെ തീയും പ്രണയത്തിൻ്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ…

പ്രണാമം ഡെന്നീസ്.