ചെന്നൈ: വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നടന്‍ മന്‍സൂര്‍ അലിഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്‍സൂറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലാണ് മന്‍സൂര്‍ അലിഖാനെ പ്രവേശിപ്പിച്ചത്. വിവിധ പരിശോധനകളില്‍ വൃക്കയില്‍ വലിയ കല്ല് രൂപം കൊണ്ടതായി കണ്ടെത്തി. വൃക്കയിലെ തടസം പരിഹരിക്കുന്നതിന് ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

നേരത്തെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. നടന്‍ വിവേകിന്റെ മരണത്തെ തുടര്‍ന്നായിരുന്നു അത്.

വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്.