കൊവിഡ് വൈറസ് വ്യാപനം കാരണം ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കൗണ്‍സിലിംഗ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ‘ ഒറ്റക്കല്ല, ഒപ്പമുണ്ട്’ എന്ന കൗണ്‍സിലിംഗ് പരിപാടിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ജില്ലയിലും മെന്റല്‍ ഹെല്‍ത്ത് ടീമിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുക. സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരടങ്ങിയ 1400 പേര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ഓരോ വ്യക്തിയെയും നേരിട്ട് വിളിച്ച്‌ അവരുടെ മാനസികമായ ബുദ്ധിമുട്ടും ആവശ്യങ്ങളും ചോദിച്ചറിയും.

മാനസിക രോഗമുള്ളവര്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാരായവരുടെ മാതാപിതാക്കള്‍ എന്നിവരെയും ബന്ധപ്പെടുന്നുണ്ട്. മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മദ്യാപാനാസക്തിയുള്ളവരുടെ കൗണ്‍സിലിംഗും ഈ ടീം നടത്തുന്നുണ്ട്.

വിദ്യാലയങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നടത്തുന്നുണ്ട്. 7.12 ലക്ഷം കുട്ടികളെയാണ് ടീം ഇതുവരെ വിളിച്ചത്. 73,723 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും സ്‌ട്രെസ് മാനേജ്‌മെന്റ് നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.