മലയാളസിനിമയില്‍ ഹിറ്റുകളുടെ തേന്മഴയൊരുക്കിയ പ്രിയ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഓര്‍മ്മയായി. പക്ഷാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും താരരാജാക്കന്മാരിയ മാറ്റിയതിനു പിന്നില്‍ ഡെന്നീസ് ജോസഫിന്റെ തൂലികയ്ക്ക് ഏറെ പ്രസക്തിയുണ്ടായിരുന്നു. ഇരുവര്‍ക്കും ഏറ്റവും കൂടുതല്‍ ഹിറ്റുകളൊരുക്കിയതും അദ്ദേഹമായിരുന്നു. 1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയ്ക്കാണ് അവസാനം തിരക്കഥയൊരുക്കിയത്. ജേസിയുടെ ഈറന്‍ സന്ധ്യയാണ് ആദ്യ ചിത്രം. തുടര്‍ന്ന് നിറക്കൂട്ട്, ശ്യാമ, ന്യായവിധി, രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ആയിരം കണ്ണുകള്‍, വീണ്ടും, സായംസന്ധ്യ, പ്രണാമം, കഥയ്ക്ക് പിന്നില്‍, ന്യൂഡല്‍ഹി, വഴിയോരക്കാഴ്ചകള്‍, സംഘം, തന്ത്രം, ദിനരാത്രങ്ങള്‍, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കൂടിക്കാഴ്ച, കോട്ടയം കുഞ്ഞച്ചന്‍, ഇന്ദ്രജാലം, തുടര്‍ക്കഥ, ഒളിയമ്പുകള്‍, മാന്യന്മാര്‍, മഹാനഗരം, കിഴക്കന്‍ പത്രോസ്, ആകാശദൂത്, ഗാന്ധര്‍വ്വം, സരോവരം, അര്‍ത്ഥന, പാളയം, അഗ്രജന്‍, മനു അങ്കിള്‍, ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ്, മാന്‍ ഓഫ് ദി മാച്ച്, ശിബിരം, ഭൂപതി, എഫ്‌ഐആര്‍, ഫാന്റം, വജ്രം, തസ്‌കരവീരന്‍, ചിരട്ട കളിപ്പാട്ടങ്ങള്‍, കഥ സംവിധാനം കുഞ്ചാക്കോ, ആയുര്‍രേഖ, പത്താംനിലയിലെ തീവണ്ടി, കന്യാകുമാരി എക്പ്രസ്, ഗീതാഞ്ജലി എന്നീ സിനിമകള്‍ക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു.

മാതൃഭൂമി വിശേഷാൽപ്രതിയിൽ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. അഭിനേതാവ് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം. ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ഔസേപ്പച്ചൻ.