മുംബൈ: കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇനി എവിടെ നടക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏറ്റവുമൊടുവില്‍ ശ്രീലങ്ക കൂടി താത്പ്പര്യം അറിയിച്ചതോടെ നാല് രാജ്യങ്ങളാണ് ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്.

യുഎഇ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് വേദിയൊരുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ പകുതിക്ക് ശേഷം യുഎഇയില്‍ ടൂര്‍ണമെന്റ് വീണ്ടും നടത്തിയേക്കുമെന്നാണ് ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ സീസണ്‍ വിജയകരമായി നടത്തിയതും ട്വന്റി20 ലോകകപ്പ് യുഎയില്‍ നടത്താനുള്ള സാധ്യതയും പരിഗണിച്ചാല്‍ നറുക്ക് യുഎഇയ്ക്ക് തന്നെ ലഭിച്ചേക്കും.

യുഎഇ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനാണ് സാധ്യത. സെപ്റ്റംബറില്‍ ഇംഗ്ലണ്ട് പരമ്ബരയ്ക്ക് ശേഷമുള്ള ഇടവേളയാണ് ഐപിഎല്ലിനായി പരിഗണിക്കുന്നത്. അതിനാല്‍ ഇരു ടീമുകളും അവിടെ തന്നെയുണ്ടാകും. എന്നാല്‍ യുഎഇയുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലേയ്ക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. യുഎഇയിലോ ഇന്ത്യയിലോ ട്വന്റി20 ലോകകപ്പ് നടക്കുമെന്നതിനാല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കും ശ്രീലങ്കയിലേയ്ക്കും യാത്രയുണ്ടാകാനും സാധ്യതയില്ല.