കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ 43 സാമാജികരെ ചേര്‍ത്ത് മമതാ ബാനര്‍ജി മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേ‌റ്റു. ക്യാബിനറ്റ് റാങ്കുള‌ള 24 മന്ത്രിമാരും സ്വതന്ത്ര ചുമതലയുള‌ള പത്ത് സഹമന്ത്രിമാരും പുറമേ മുന്‍ ക്രിക്ക‌റ്റര്‍ മനോജ് തിവാരി ഉള്‍പ്പടെ 10 സഹമന്ത്രിമാരുമടങ്ങുന്നതാണ് പുതിയ മന്ത്രിസഭ.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ലളിതമായി നടന്ന ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പിന് ശേഷം ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ബംഗാളില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ തന്നെയാണ് ഇന്ന് മന്ത്രിസഭാ സത്യപ്രതിജ്ഞ നടന്നത്.

അമിത് മിത്ര, ബ്രത്യ ബാസു, രതിന്‍ ഘോഷ് എന്നിവര്‍ വെര്‍ച്വല്‍ രീതിയില്‍ സത്യ‌പ്രതിജ്ഞ ചെയ്യുകയായിരുന്നു. ശരീര സുഖമില്ലാത്തതിനാലാണ് അമിത് മിത്രയ്‌ക്ക് എത്താനാകാത്തത്. മറ്റ് രണ്ടുപേരും കൊവിഡ് രോഗ ചികിത്സയിലായതിനാലും. മുന്‍പ് തിരഞ്ഞെടുപ്പിന് ശേഷം മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ബംഗാളിന്റെ ഇരുപത്തിയൊന്നാമത് മുഖ്യമന്ത്രിയാണ് മമത.

തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാംവട്ടവും അധികാരത്തില്‍ തിരിച്ചെത്തിയ അസമില്‍ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യ‌പ്രതിജ്ഞ ചെയ്‌തു. അസമിലെ ശ്രീമന്ത ശങ്കര്‍ദേവ കലാക്ഷേത്രയില്‍ നടന്ന ചടങ്ങില്‍ അസം ഗവര്‍ണര്‍ ജഗ്‌ദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുത്തു.

ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സര്‍ബാനന്ദ് സോനോവാളിനെയും ഹിമന്ത ബിശ്വ ശര്‍മ്മയെയും സംസ്ഥാനത്തെ വിജയത്തിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഹിമന്ത ബിശ്വ ശര്‍മ്മയെ അസം മുഖ്യമന്ത്രിയായി നിശ്ചയിച്ചു. സര്‍ബാനന്ദ് സോനോവാളിന് അടുത്ത പുനസംഘടനയില്‍ കേന്ദ്ര മന്ത്രി സ്ഥാനം നല്‍കുമെന്നാണ് വിവരം.