തൃശൂർ കൊടകര കുഴൽപ്പണ കവര്‍ച്ചയില്‍ മൂന്നരക്കോടി രൂപ നഷ്ടമായെന്ന് പൊലീസ് കണ്ടെത്തി.പരാതിക്കാരൻ ആദ്യം പറഞ്ഞത് ഇരുപത്തിയഞ്ചു ലക്ഷം നഷ്ട്ടപ്പെട്ടെന്നായിരുന്നു. പിന്നീട്, പ്രതികളെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ഇതിനേക്കാൾ കൂടിയ തുക കാറിലുണ്ടായിരുന്നതായി വ്യക്തമായത്.

കുഴൽപ്പണം കൊണ്ടുപോയ കാറിന്റെ ഡ്രൈവറുടെ സഹായിയായിരുന്നു കവർച്ചാ സംഘത്തിന് വിവരങ്ങൾ ചോർത്തിക്കൊടുത്തത്. പ്രതി ഉൾപ്പെടെ ഒട്ടുമിക്ക ആളുകളേയും പൊലീസ് പിടികൂടി. പക്ഷേ, കൂടുതൽ പണം കണ്ടെത്താനായില്ലെന്നാണ് നിഗമനം.ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പൊലീസ് വിപുലപ്പെടുത്തുന്നത്.

ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്കായി കൊണ്ടുപോയ മൂന്നരക്കോടി രൂപ കൊടകര ദേശീയപാതയിൽ നഷ്ടപ്പെട്ടെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. മൂന്നരക്കോടി നഷ്ടപ്പെട്ടെങ്കിലും ഇതുവരെ പൊലീസ് കണ്ടെത്തിയത് അറുപതു ലക്ഷം രൂപയുടെ ഇടപാടുകളാണ്.

അന്വേഷണത്തിന് ഡി.ഐ.ജിയുടെ മേൽനോട്ടത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഇതരസംസ്ഥാനത്തേയ്ക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.