ഫ്ലോറിഡ ∙ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസുകളുടെ വ്യാപനം ഫ്ലോറിഡ സംസ്ഥാനത്ത് വർധിച്ചു വരുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്നു 62 പേർ ഇതുവരെ സംസ്ഥാനത്ത് മരിച്ചു. സിഡിസിയുടെ റിപ്പോർട്ടനുസരിച്ച് 87500 പുതിയ കേസുകളാണ് ഫ്ലോറിഡയിൽ‍ ഇതുവരെ കണ്ടെത്തിയത്. കലിഫോർണിയാ സംസ്ഥാനമാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. യുകെ വേരിയന്റാണ് പൊതുവെ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ മധ്യത്തോടെ ഫ്ലോറിഡയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 62 ശതമാനം യുകെ വേരിയന്റും 5.4 ശതമാനം ബ്രസിലീയൻ വേരിയന്റും .2 ശതമാനം സൗത്ത് ആഫ്രിക്കൻ വേരിയന്റുമാണ്.

കോവിഡ് വാക്സിനേഷൻ വെള്ളിയാഴ്ചവരെ സംസ്ഥാനത്തു 6 മില്യൻ പേർക്ക് ലഭിച്ചിട്ടുണ്ട്. 3 മില്യൻ പേർ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നു.

സംസ്ഥാനത്തെ പൊതുവെ കോവിഡ് കേസുകൾ കുറഞ്ഞു വരുന്നുണ്ടെങ്കിലും ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ വ്യാപനം വളരെ കൂടിയതായി അധികൃതർ അറിയിച്ചു. മൊഡേണ, ഫൈസർ വാക്സീനുകൾ ജനിതകമാറ്റം സംഭവിച്ച വൈറസുകൾക്ക് ഫലപ്രദമാണെന്നും പറയുന്നു.