കോവിഡ് രണ്ടാം തരംഗം ശമനമില്ലാതെ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച.

ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറഞ്ഞതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഝാര്‍ഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ, തെലങ്കാന മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായില്ലെന്നും ഫോണില്‍ പ്രധാനമന്ത്രി ‘മന്‍ കി ബാത്ത്’ നടത്തുകയായിരുന്നുവെന്നുമാണ് അദ്ദേഹം വിമര്‍ശിച്ചത്.