ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഇരുപത്തിമൂന്നു കൊവിഡ് രോഗികള്‍ കടന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 19നും മെയ് ആറിനും ഇടയിലാണ് രോഗികള്‍ ആരുമറിയാതെ ആശുപത്രി വിട്ടതെന്ന് നോര്‍ത്ത് ഡല്‍ഹി മേയര്‍ ജയ് പ്രകാശ് പറഞ്ഞത്.
വടക്കന്‍ ഡല്‍ഹിയിലെ ഹിന്ദു റാവു ആശുപത്രിയില്‍നിന്നാണ് രോഗികള്‍ അധികൃതര്‍ അറിയാതെ കടന്നുകളഞ്ഞത്. ഡല്‍ഹിയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണിത്. കൊവിഡ് രോഗികള്‍ക്കായി 250 കിടക്കകളാണ് ഇവിടെയുള്ളത്.
‘ ഏപ്രില്‍ 19 നും മെയ് 6 നും ഇടയില്‍ ആരെയും അറിയിക്കാതെ ഇരുപത്തിമൂന്ന് രോഗികള്‍ ആശുപത്രി വിട്ടു. മറ്റെവിടെയെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുമെന്ന് വിചാരിച്ചാണ് ചില രോഗികള്‍ അറിയിക്കാതെ പോകുന്നത്.ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ഇത് സംഭവിക്കുന്നു, ‘പ്രകാശ് പറഞ്ഞു. രോഗികളെ കാണാതായ വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.