രാജ്യത്തെ 30 ജില്ലകളില്‍ കോവിഡ്​ സാഹചര്യം അതീവ ഗുരുതരമെന്ന്​ കേന്ദ്രസര്‍ക്കാര്‍. ഈ ജില്ലകളുടെ പട്ടിക കേന്ദ്രം കഴിഞ്ഞ ദിവസം പുറത്ത്​ വിട്ടു. കഴിഞ്ഞ രണ്ടാഴ്​ചയായി കോവിഡ്​ കേസുകള്‍ കുറയാത്ത ജില്ലകളെയാണ്​ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്​. ഈ ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവും ഉണ്ടാവുന്നുണ്ട്​. ജില്ലകളില്‍ 10 എണ്ണവും കേരളത്തിലാണ്​. ഏഴ്​ ജില്ലകളുമായി ആന്ധ്രപ്രദേശാണ്​ രണ്ടാം സ്ഥാനത്ത്​. കര്‍ണാടക-3, തമിഴ്​നാട്​-1 എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്​.

കേരളത്തിലെ കോഴിക്കോട്​, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, പാലക്കാട്​, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം ജില്ലകളിലാണ്​ കോവിഡ്​ കേസുകള്‍ കഴിഞ്ഞ രണ്ട്​ ദിവസമായി കുറയാതെ നില്‍ക്കുന്നത്​. ഈസ്​റ്റ്​ ഗോദാവരി, ചിറ്റൂര്‍, ശ്രീകാകുളം, ഗുണ്ടൂര്‍, വിശാഖപട്ടണം, അനന്തപൂര്‍, കുര്‍നൂല്‍ ജില്ലകളാണ്​​ ആന്ധ്രപ്രദേശില്‍ നിന്ന്​ ഉള്ളത്​.

ബംഗളൂരു അര്‍ബന്​ പുറമേ മൈസൂര്‍, തുമകുരു ജില്ലകള്‍ കര്‍ണാടകയില്‍ നിന്ന്​ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതിന്​ പു​റമേ ഹരിയാനയിലെ നോര്‍ത്ത്​ ഗുരുഗ്രാം, ഫരീദാബാദ്​ ജില്ലകളിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും കോവിഡ്​ കേസുകള്‍ കുറയാതെ നില്‍ക്കുകയാണ്​. ആരോഗ്യമന്ത്രാലയം ജോയിന്‍റ്​ സെക്രട്ടറി ലവ്​ അഗര്‍വാളാണ്​ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്ത്​ വിട്ടത്​.