കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുളള ഓസ്ട്രേലിയന്‍ പൗരന്മാര്‍ സ്വദേശത്ത് മടങ്ങി എത്തിയാല്‍ ജയില്‍ ശിക്ഷയും പിഴയും നേരിടേണ്ടി വരുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി മുന്‍ ക്രിക്കറ്റ് താരവും ഐപിഎല്‍ കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍. മനുഷ്യരാശി ബുദ്ധിമുട്ടുമ്ബോള്‍ പ്രധാനമന്ത്രിയുടെ നിലപാട് കൊള്ളാം. സ്വകാര്യ വിമാനമെടുത്ത് നിങ്ങള്‍ ഇന്ത്യയിലേക്ക് വന്ന്, തെരുവുകളില്‍ മൃതശരീരങ്ങള്‍ വീണുകിടക്കുന്നത് കാണണം. ഇന്ത്യയിലെ സ്ഥിതി നിങ്ങള്‍ മനസിലാക്കണമെന്നാണ് മൈക്കല്‍ സ്ലേറ്റര്‍ ട്വിറ്ററിലൂടെ കുറിച്ചത്.
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങി എത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിട്ടില്ല. നിരവധി താരങ്ങളെ ബിസിസിഐ മാലിദ്വീപിലേക്ക് മാറ്റിയിട്ടുണ്ട്. സ്ലേറ്ററും മാലിദ്വീപിലാണ്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ മോറിസിന്റെ നടപടി കാടത്തമാണെന്നും രാജ്യത്തിന് അപമാനമാണെന്നും സ്ലേറ്റര്‍ നേരത്തെ തുറന്നടിച്ചിരുന്നു. കൂടാതെ നിങ്ങളുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഒരു വിധത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഐപിഎല്‍ കളിക്കാനെത്തിയ ഇംഗ്ലണ്ട്, വിന്‍ഡീസ്, ന്യൂസിലാന്‍ഡ് താരങ്ങള്‍ അടക്കം നാട്ടിലേക്ക് തിരിച്ചിരുന്നു.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പലരും മറ്റ് രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയില്‍ എത്തിച്ചേരുന്നുണ്ട്. ഇത് തടയാനാണ് ഇന്ത്യയില്‍ 14 ദിവസം കഴിഞ്ഞശേഷം സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ എത്തിയാല്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനുളള തീരുമാനം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കൈക്കൊളളുന്നത്. മേയ് മൂന്ന് മുതല്‍ 15 വരെയാണ് ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടാണ് വിലക്ക് പ്രഖ്യാപിച്ചത്. ഐപിഎല്ലിന്റെ ഭാഗമായിരുന്ന രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ആന്‍ഡ്രൂ ടൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും സ്‌പിന്നര്‍ ആദം സാംപയും ഇതിനെ തുടര്‍ന്ന് ആദ്യം നാട്ടിലേക്ക് മടങ്ങിയിരുന്നു.
പതിനാലോളം ഓസ്‌ട്രേലിയന്‍ പൗരന്‍മാരാണ് ഐപിഎല്ലില്‍ വിവിധ ടീമുകളുടെ ഭാഗമായുളളത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഡേവിഡ് വാര്‍ണര്‍, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്‌മിത്ത്, പാറ്റ് കമിന്‍സ് (കൊല്‍ക്കത്ത), കൗള്‍ട്ടര്‍ നീല്‍ (മുംബൈ), ഗ്ലെന്‍ മാക്സ്‌വെല്‍ (ബാംഗ്ലൂര്‍), ക്രിസ് ലിന്‍ (മുംബൈ), വിവിധ ടീമുകളുടെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ള റിക്കി പോണ്ടിംഗ്, മൈക് ഹസി, ജെയിംസ് ഹോപ്സ്, ഡേവിഡ് ഹസി, കമന്‍റേറ്റര്‍മാരായ മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ, മൈക്കല്‍ സ്ലേറ്റര്‍, ലിസ സ്ഥലേക്കര്‍ എന്നിവരാണ് ആ പതിന്നാലംഗ സംഘം.മത്സരങ്ങള്‍ നിര്‍ത്തിവെക്കുവാണെന്ന് അറിയിച്ച് ബിസിസിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ താരങ്ങള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റുമായി സഹകരിച്ചിരുന്ന എല്ലാവരും നാടുകളിലേക്ക് മടങ്ങി ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കട്ടെ എന്നാണ് അറിയിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ വീടുകളില്‍ എത്തി പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുമ്ബോഴും ഓസീസ് താരങ്ങളുടെ മടക്കം എപ്പോള്‍ എന്നത് ചോദ്യമായി അവശേഷിക്കും.