കൊവിഡിന്റെ രണ്ടാം തരം​ഗം ശക്തമായതോടെ സിനിമാമേഖല വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക്. ആളില്ലാതെയും പ്രദര്‍ശനം ചുരുക്കിയും ഒടുവില്‍ അടച്ചിടലിലേക്കും ആദ്യം തിയറ്ററുകള്‍ നീങ്ങി, പിന്നാലെ സിനിമകളുടെ ചിത്രീകരണവും നിര്‍ത്തിവെച്ചു. കൊവിഡ് ഒന്നാം തരം​ഗത്തിലെ ബുദ്ധിമുട്ടില്‍ നിന്നും ചെറുതായി കരകയറി വരുന്നതിനിടെയാണ് സിനിമാ മേഖലയ്ക്ക് വലിയ തിരിച്ചടിയായി വീണ്ടുമൊരു അടച്ചിടല്‍ കൂടി എത്തുന്നത്. കൊവിഡിന് മുന്‍പും ലോക്ഡൗണിന് ശേഷവുമായി നിര്‍മ്മിച്ച 120 ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. ഇതില്‍ മലയാളത്തില്‍ ഏറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങിയ സൂപ്പര്‍താര ചിത്രങ്ങള്‍ മുതല്‍ ചുരുങ്ങിയ ചെലവില്‍ തീര്‍ത്തത് വരെയുണ്ട്.

പെരുന്നാള്‍ റിലീസായി അനൗണ്‍സ് ചെയ്ത ചിത്രങ്ങള്‍ അടക്കം വീണ്ടും പുതിയൊരു ഡേറ്റിലേക്ക് പോകുന്നത് സിനിമാമേഖലയെ ആകെ താളംതെറ്റിക്കുകയാണ്. ഒടിടി പ്ലാറ്റ് ഫോമുകള്‍ വഴിയുളള റീലിസിനെതിരെ ഫിയോക് അടക്കമുളള സംഘടനകള്‍ രം​ഗത്തുളളതിനാല്‍ ആ വഴിയും ആലോചിക്കാന്‍ ആകാത്ത അവസ്ഥയാണ് നിലവില്‍ പല നിര്‍മ്മാതാക്കള്‍ക്കും. നേരത്തെ പൂര്‍ത്തിയായ സിനിമ കൃത്യസമയത്ത് തിയറ്ററില്‍ എത്താതെ നീണ്ടുപോകുന്നതിനാല്‍ ഉണ്ടാക്കുന്ന സാമ്ബത്തിക പ്രതിസന്ധിയുമുണ്ട്.

10 മാസം നീണ്ട അടച്ചിടലിന് ശേഷമാണ് കേരളത്തില്‍ ജനുവരി 13ന് തിയറ്ററുകള്‍ തുറന്നത്. ഇക്കാലയളവില്‍ അടച്ചിടല്‍ മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ നവീകരണത്തിനായി തിയറ്റര്‍ ഉടമകള്‍ വലിയ തുക മുടക്കുകയും ചെയ്തു. തുടര്‍ന്ന് 45 ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഇതില്‍ സാമ്ബത്തിക വിജയം നേടിയതാകട്ടെ വളരെ കുറച്ച്‌ ചിത്രങ്ങള്‍ മാത്രമാണ്.

സര്‍ക്കാര്‍ മുന്നിലേക്ക് വെച്ച കര്‍ശന നിയന്ത്രണങ്ങള്‍ അംഗീകരിച്ച്‌ നീണ്ട കാത്തിരിപ്പിന് ശേഷം 2021 ജനുവരി 13 ന് വിജയ് ചിത്രമായ ‘മാസ്റ്റര്‍’ ആണ് ആദ്യം സ്‌ക്രീനുകളിലേക്ക് എത്തിയത്. ‘മാസ്റ്റര്‍’ എന്ന വിജയിയുടെ മാസ് ചിത്രം തിയറ്ററുകള്‍ക്ക് ജീവനേകിയെന്നു തന്നെ പറയാം. ഇതിന് ശേഷം തിയറ്ററിലേക്ക് പുതിയതായി റിലീസ് ചെയ്തത് ജയസൂര്യ നായകനായ വെളളം എന്ന ചിത്രമായിരുന്നു. വെളളത്തിന് പുറമെ ഏതാനും ചിത്രങ്ങള്‍ റിലീസ് ചെയ്തെങ്കിലും അവയൊന്നും പ്രതീക്ഷിച്ച സാമ്ബത്തിക ലാഭം കൈവരിച്ചില്ല. സെക്കന്‍ഡ് ഷോ ഇല്ലാത്തതായിരുന്നു കാരണം.

മാര്‍ച്ചില്‍ സെക്കന്‍ഡ് ഷോ അനുവദിച്ചപ്പോള്‍ തിയറ്ററില്‍ ആദ്യം എത്തിയത് മമ്മൂട്ടി ചിത്രമായ പ്രീസ്റ്റായിരുന്നു. തിയറ്ററുകള്‍ തുറന്നതിന് ശേഷം വെള്ളിത്തിരയിലേക്ക് എത്തിയ ആദ്യ മലയാള സൂപ്പര്‍താര ചിത്രമായിരുന്നെങ്കിലും പ്രതീക്ഷിച്ച കളക്ഷന്‍ പ്രീസ്റ്റിന് ലഭിച്ചതുമില്ല. ഇതിനിടെ വിഷു റിലീസായി എത്തിയ രജിഷ വിജയന്‍ നായികയായ ‘ഖോ ഖോ’, മഞ്ജു വാര്യര്‍ ചിത്രം ചതുര്‍മുഖം എന്നി ചിത്രങ്ങള്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. പ‍ൃഥ്വിരാജ്, ജോജു എന്നിവരുടെ സ്റ്റാര്‍ അടക്കം നിരവധി സിനിമകള്‍ റിലീസ് നീട്ടുകയും ചെയ്തു. രണ്ടാം തരം​ഗത്തെ തുടര്‍ന്ന് ഏപ്രില്‍ 25ന് തിയറ്ററുകള്‍ അടക്കുമ്ബോള്‍ അനുഗ്രഹീതന്‍ ആന്റണി, കര്‍ണന്‍, നായാട്ട്, നിഴല്‍ എന്നി ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതില്‍ പലതും ഒടിടി വഴി ഇനി ആളുകളിലേക്ക് എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. കൊവിഡിന് താത്കാലിക ശമനം ഉണ്ടായാല്‍ ഓണം റിലീസായി കൂടുതല്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.