കൊവിഡും ലോക്ഡൗണും വരുത്തിവെച്ച നഷ്ടങ്ങളില്‍ നിന്നും പതിയെ ചുവട് വെച്ച്‌ തുടങ്ങുകയായിരുന്നു ടൂറിസം മേഖല. മാസങ്ങള്‍ക്ക് ശേഷം സഞ്ചാരികള്‍ എത്തി തുടങ്ങിയതിന്റെ അനക്കം ആലപ്പുഴ ജില്ലയിലെ പുന്നമട, ഫിനിഷിങ് പോയിന്റ്, ആലപ്പുഴ ബീച്ച്‌ അടക്കമുളള പ്രദേശങ്ങളിലും വ്യക്തമായി കാണാമായിരുന്നു. എന്നാല്‍ രണ്ടാംതരം​ഗം ശക്തമായതിന് പിന്നാലെ വീണ്ടും അടച്ചുപൂട്ടലിന് സമാനമായ അവസ്ഥയാണ് എല്ലായിടത്തും. നിരവധി ബുക്കിങ്ങുകള്‍ ലഭിച്ചിരുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരും ടാക്സി ഡ്രൈവര്‍മാരും ഹൗസ് ബോട്ട് ഉടമകളുമൊക്കെ വീണ്ടും പ്രതീക്ഷകള്‍ നശിച്ച അവസ്ഥയിലാണ്. ടൂറിസത്തില്‍ നിന്നും ഇതുവരെയുളളതില്‍ ഏറ്റവും വലിയ റവന്യു നേടിയതിന്റെ തൊട്ടടുത്ത വര്‍ഷമാണ് കൊവിഡ് മഹാമാരിയിലേക്ക് ലോകത്തോടൊപ്പം കേരളവും വീഴുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 25,000 കോടിയുടെ നഷ്ടം കൊവിഡ് മൂലം ടൂറിസം മേഖലയില്‍ ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. ഹൗസ് ബോട്ടുകള്‍, ശിക്കാര വളളങ്ങള്‍, ഹോം സ്റ്റേ, റിസോര്‍ട്ടുകള്‍, മസാജ്, ആയുര്‍വേദ ആരോ​ഗ്യ പരിപാലന കേന്ദ്രങ്ങള്‍, ടാക്സികളും ക്യാബുകളുടെയും സര്‍വീസുകള്‍, ഹോട്ടലുകള്‍, ഇതോട് അനുബന്ധിച്ചുളള മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് ആളുകളാണ് ആലപ്പുഴ ജില്ലയില്‍ ടൂറിസം മേഖലയെ അടിസ്ഥാനമാക്കി ജീവിക്കുന്നത്. ഇതില്‍ വളരെ ചെറിയൊരു വിഭാ​ഗമൊഴിച്ച്‌ ബാക്കി എല്ലാവരുടെയും ജീവിതം വളരെ ദുഷ്കരമായ കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് നിരവധി തൊഴിലാളികള്‍ ഏഷ്യാവില്‍ മലയാളത്തോട് പറഞ്ഞത്.

കൊവിഡിന് മുന്‍പ് വരെയൊക്കെ മാസം എല്ലാ ചെലവും കഴിഞ്ഞ് 50,000 രൂപ വരെയൊക്കെ മിച്ചം പിടിക്കാന്‍ പറ്റുമായിരുന്നു. ഇപ്പോളാകട്ടെ ഒരു മാസം 4,000 രൂപ കിട്ടിയാല്‍ ആയി. കറന്റ് ചാര്‍ജ്, ഓഫിസ് സ്റ്റാഫ്, മറ്റ് ചെലവുകള്‍ എല്ലാം ഇതില്‍ നിന്നാണ് കൊടുക്കേണ്ടത്. ഒന്നോ രണ്ടോ പേരല്ലാതെ ​ഗസ്റ്റുകള്‍ അധികം ഇല്ലാത്തത് കൊണ്ട് സ്റ്റാഫുകളോട് ഇനി ഉടനെ വരണ്ടാ എന്നുപറഞ്ഞു. പാട്ടത്തിന് എടുത്തത് അടക്കം രണ്ട് ഹോം സ്റ്റേകളാണ് നടത്തിയിരുന്നത്. ഇപ്പോ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രണ്ടാം തരം​ഗം ശക്തമായതോടെ ഇനി അടുത്തകാലത്തെങ്ങും അവിടെ നിന്നും ആരും വരുമെന്ന് തോന്നുന്നില്ല. ആലപ്പുഴയില്‍ കോണിപ്പാലത്തിന് സമീപം ഹോം സ്റ്റേ നടത്തുന്ന കുഞ്ഞിക്കണ്ണന്റെ വാക്കുകളാണിത്. എങ്ങനെ ജീവിക്കുന്നു എന്ന ചോ​ദ്യത്തിന്, എങ്ങനെയൊക്കെയോ കഴിഞ്ഞുപോകുന്നു എന്നായിരുന്നു മറുപടി. തന്റേത് മാത്രമല്ല ഈ മേഖലയിലെ സര്‍വ്വരുടെയും അവസ്ഥ ഇത് തന്നെയാണ്. ടാക്സിക്കാരൊക്കെ രാവിലെ മുതല്‍ ഇവിടെ വന്ന് കിടക്കും, വൈകുന്നേരമാകുമ്ബോള്‍ വെറും കയ്യോടെ തിരിച്ചുപോകും. ഇതാണിപ്പോള്‍ സംഭവിക്കുന്നതെന്നും കുഞ്ഞിക്കണ്ണന്‍ വിശദീകരിച്ചു.

ടൂര്‍ ഓപ്പറേറ്ററും ഹൗസ് ബോട്ട് ഉടമയുമായ കണ്ണന്‍ പറയുന്നത് ടൂറിസം രം​ഗത്ത് തിരിച്ചടിയായത് കൊണ്ട് മറ്റ് ബിസിനസുകളിലേക്ക് തിരിഞ്ഞാലോ എന്നാണ് ആലോചിക്കുന്നത്. മീന്‍കൃഷിയും പക്ഷി വളര്‍ത്തലും അടക്കമുളള പരിപാടികള്‍ ചെറിയ രീതിയില്‍ തുടങ്ങി വെക്കുകയും ചെയ്തു. കൊവിഡ് ഇതുപോലെ തുടരുമ്ബോള്‍ പണിയില്ലാതെ എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും? ആദ്യ ലോക്ഡൗണിന് ശേഷം വളളവര അടക്കം മാറ്റി നിരവധി അറ്റകുറ്റപ്പണി നടത്തിയാണ് ഹൗസ്ബോട്ട് വീണ്ടും ചെറുതായി ഓടിത്തുടങ്ങിയത്. ഓരോ ദിവസവും കഴിഞ്ഞുപോകും എന്നല്ലാതെ കാര്യമായ നേട്ടമൊന്നും ഈ ലോക്ഡൗണിന് ശേഷം ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ ആഭ്യന്തര ടൂറിസ്റ്റുകള്‍ നിലച്ചു. കൂടാതെ കടുത്ത നിയന്ത്രണങ്ങളും. പുന്നമട ഫിനിഷിങ് പോയിന്റ് മുതല്‍ സ്റ്റാര്‍ട്ടിങ് പോയിന്റ് വരെ നിരവധി ബോട്ടുകള്‍ കാണാം. കൂടാതെ ആലപ്പുഴ ന​ഗരത്തെ തന്നെ വലിയ രീതിയില്‍ സഹായിച്ചിരുന്നതാണ് ടൂറിസം മേഖല. ഇപ്പോഴാകട്ടെ ആളും ആരവും ഒഴിഞ്ഞത് പോലെയാണ്. ആളുകള്‍ രോ​ഗം മൂലം മരിക്കുമ്ബോള്‍ സര്‍ക്കാര്‍ പറയുന്ന സുരക്ഷിത മാര്‍​ഗങ്ങള്‍ അനുസരിച്ച്‌ ജീവിക്കുക എന്നല്ലാതെ മറ്റ് വഴിയില്ലെന്നും കണ്ണന്‍ പറഞ്ഞു.

2,10,000 കോടി രൂപയാണ് 2019ല്‍ ടൂറിസം മേഖല രാജ്യത്തിന് നല്‍കിയ വിദേശ നാണ്യം. സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷത്തിനുളളിലെ ഏറ്റവും ഉയര്‍ന്ന റവന്യു വരുമാനം ലഭിച്ചതും അതേ വര്‍ഷമായിരുന്നു.1.96 കോടി ആഭ്യന്തര ടൂറിസ്റ്റുകളും 11.89 ലക്ഷം വിദേശ ടൂറിസ്റ്റുകളുമാണ് ആ വര്‍ഷം കേരളത്തില്‍ എത്തിയത്. അതിന് തൊട്ടുമുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ യഥാക്രമം 17.2%, 8.52% എന്നിങ്ങനെയായിരുന്നു ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന. ആകെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 24.14 ശതമാനം കൂടുതല്‍. എന്നാല്‍ കൊവിഡ് ആദ്യഘട്ടം എല്ലാം തകിടം മറിച്ചതില്‍ നിന്നും ഇനിയും ടൂറിസത്തിന് കരകയറാന്‍ ആയിട്ടില്ല. ഇന്ത്യയിലാകെ ടൂറിസം മേഖലയില്‍ 30% സ്ഥാപനങ്ങള്‍ പൂട്ടിയതായിട്ടാണ് ഔദ്യോ​ഗിക കണക്കുകള്‍.