തിരുവനന്തപുരം ∙ കോവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്നു രാവിലെ 6 മുതൽ 16ന് അർധരാത്രി വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. അത്യാ‍വശ്യ കാര്യങ്ങൾക്കു പുറത്തുപോകേണ്ടവർക്കു പൊലീസിന്റെ പാസ് വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ പാസ് സംവിധാനം ഇന്നു വൈകിട്ടോടെ നിലവിൽ വരുമെന്നു പൊലീസ് വ്യക്തമാക്കി.
തിരിച്ചറിയൽ കാർഡുള്ള അവശ്യസേവന വിഭാഗക്കാർക്കു ജോലിക്കു പോകാൻ പാസ് വേണ്ട. വീട്ടുജോ‍ലിക്കാർ, കൂലിപ്പ‍ണിക്കാർ, തൊഴിലാളികൾ തുടങ്ങി തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ നേരിട്ടോ തൊഴിൽദാതാവ് മുഖേനയോ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പാസിന് അപേക്ഷ നൽകണം. ഇവർക്ക് ഇന്നുമാത്രം സ്വയം തയാറാക്കിയ സാക്ഷ്യപത്രവുമായി യാത്ര ചെയ്യാം. മറ്റുള്ളവർക്ക് അടിയന്തര ആവശ്യങ്ങൾക്ക് സത്യപ്രസ്താവനയുമായി ഇന്നു യാത്ര ചെയ്യാം. ഓൺലൈൻ സംവിധാനം നിലവിൽ വന്നാൽ, അവശ്യസേവന വിഭാഗങ്ങൾ ഒഴികെയുള്ളവർക്ക് പുറത്തിറങ്ങുമ്പോൾ പാസ് നിർബന്ധമാണെന്നു പൊലീസ് അറിയിച്ചു. പാസ് സംവിധാനം സംബന്ധിച്ച് ഇന്നു വൈകിട്ടോടെ വ്യക്തത വരുമെന്നാണ് സൂചന. ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗരേഖയിൽ ഭേദഗതി വരുത്തിയാണു നിയന്ത്രണങ്ങൾ കൂട്ടിയത്.

പൊതുഗതാഗതമില്ല; സ്വകാര്യയാത്രയ്ക്കും പൂട്ട്

ട്രെയിനും വിമാനവുമൊഴികെ പൊതുഗതാഗതമില്ല. അവശ്യ വസ്തുക്കളും മരുന്നും വാങ്ങാനും അവശ്യസർവീസുകൾക്കും മാത്രമേ സ്വകാര്യ വാഹനം പുറത്തി‍റക്കാവൂ. അടിയന്തര വൈദ്യ സഹായത്തിനും ട്രെയിൻ, വിമാന യാത്രക്കാരെ കൊണ്ടുപോകാനും ടാക്സി / ഓട്ടോ സർവീസാകാം. യാത്രാ രേഖ വേണം. ഓൺലൈൻ ടാക്സി സർവീസും ഇങ്ങനെ നടത്താം. കോവിഡ് വാക്സീൻ എടുക്കേണ്ടവർ, ആശുപത്രി കൂട്ടിരിപ്പുകാർ, കോവിഡ് സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, വീട്ടുജോലിക്കാർ, പ്രായമായവരെയും കിടപ്പുരോഗികളെയും പരി‍ചരിക്കുന്നവർ എന്നിവർക്കും യാത്ര ചെയ്യാം. അഭിഭാഷകർക്കും ക്ലാർ‍ക്കുമാർക്കും കോടതിയിലേക്കും തിരിച്ചും യാത്ര ചെയ്യാം.

ജില്ല കടക്കാൻ സത്യവാങ്മൂലം

മറ്റു ജില്ലകളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണം. അത്യാവശ്യമാണെങ്കിൽ സത്യപ്രസ്താവന കരുതണം. പേരും മറ്റു വിവരങ്ങളും യാത്രാ ഉ‍ദ്ദേശ്യവും ഉൾപ്പെടുത്തി സ്വയം തയാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതു ദുരുപയോഗം ചെയ്താൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ വരും. ജില്ല വിട്ടുള്ള യാത്രയ്ക്കു പാസ് ഏർപ്പെടുത്തിയിട്ടില്ല.

ചരക്കു നീക്കത്തിനും അടിയന്തര സേവനങ്ങൾക്കും മാത്രമേ സംസ്ഥാനാന്തര യാത്ര അനുവദിക്കൂ. ഇവർ കോവിഡ് പോർട്ടലിൽ (covid19jagratha.kerala.nic.in) റജിസ്റ്റർ ചെയ്യണം. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരും ഇതിൽ റജിസ്റ്റർ ചെയ്യണം; അല്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം.

വിവാഹം, സംസ്കാരം:20 പേർ മാത്രം

വിവാഹ, മരണാനന്തര ചടങ്ങുകൾ മുൻകൂട്ടി കോവിഡ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് 20 പേരെ പങ്കെടുപ്പിച്ചു നടത്താം.

ആൾക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിനോദ, കായിക പരിപാടികൾ പാടില്ല. ചരക്കു ഗതാഗതത്തിനു തടസ്സമില്ല. നിർമാണ പ്രവർത്തനങ്ങൾ തുടരാം. അവശ്യ സർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് അവധി. തുറന്നു പ്രവർത്തിക്കുന്നിടത്ത് അത്യാവശ്യം ജീവനക്കാരേ പാ‍ടുള്ളൂ.