തൃശൂരിൽ മുസ്ലിം പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. തൃശൂർ മാളയിലെ ഇസ്ലാമിക് സർവ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു നടപടി. കേരളത്തിനു പുറത്ത് ഗുജറാത്തിലും ഡൽഹിയിലുമൊക്കെ മുസ്ലിം പള്ളികൾ കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയിരുന്നു.

റമദാൻ മാസത്തിൽ നടത്തുന്ന പ്രത്യേക പ്രാർത്ഥനകൾ പോലും വേണ്ടെന്നു വച്ചാണ് പള്ളി അധികൃതർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. മാള പഞ്ചായത്തിൽ മാത്രം 300ലധികം കൊവിഡ് കേസുകളാണ് ഉള്ളത്. ഇവരിൽ പലർക്കും സ്വന്തം വീടുകളിൽ കഴിയാനുള്ള സാഹചര്യമില്ല. അതുകൊണ്ടാണ് പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയതെന്ന് അധികൃതർ പറയുന്നു. ഇവിടെ ചികിത്സയ്ക്ക് എത്തുന്നവർക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭക്ഷണം ലഭ്യമാക്കുമെന്ന് മാള പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു അശോക് പറഞ്ഞു. ഇവിടെ ഡോക്ടറുടെയും നഴ്സിൻ്റെയും സേവനവും ലഭ്യമാക്കും. അടിയന്തര ഘട്ടത്തിൽ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 38,460 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 370 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 115 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.