നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കെപിസിസിയിൽ സമ്പൂർണ പുനസംഘടന നടത്താൻ രാഷ്ട്രീയ കാര്യ സമിതിയിൽ ധാരണ. ജംബോ കമ്മറ്റികൾ ഇല്ലാതാക്കിയാവും അടിത്തട്ട് മുതലുള്ള പുനസംഘടന. ലോക്ക്ഡൗണിന് ശേഷം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന രാഷ്ട്രീയ കാര്യ സമിതി ചേർന്ന് പുനസംഘടനയ്ക്ക് മാർഗരേഖ തയ്യാറാക്കും.

അടിമുടി മാറ്റത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. പാർട്ടിയുടെ ശാപമായ ജംബോ കമ്മറ്റികൾ ഇനിയുണ്ടാവില്ല. തിരക്ക് കൂട്ടാതെ സമയമെടുത്ത് പുനസംഘടന നടത്താനാണ് നേതൃതലത്തിലെ ധാരണ. ഇതിനായി വിശദമായ മാർഗരേഖ തയ്യാറാക്കും. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മണ്ഡലങ്ങളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരോടും ഡിസിസി പ്രസിഡൻ്റുരോടും വിശദമായ റിപ്പോർട്ട് തേടി. ഇത് കൂടി പരിഗണിച്ചാണ് ലോക്ക്ഡൗണിന് ശേഷം ചേരുന്ന രാഷ്ട്രീയകാര്യ സമിതി പുനസംഘടനയ്ക്ക് മാർഗരേഖ തയ്യാറാക്കുക.

രാഷ്ട്രീയ കാര്യ സമതിയിൽ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്വം ഉമ്മൻചാണ്ടി ഏറ്റെടുത്തു. മുല്ലപ്പള്ളി രാമചന്ദ്രനാവട്ടെ, തോൽവിയുടെ ഉത്തരവാദിത്വം തന്റെ മേൽ കെട്ടിവെക്കാൻ ശ്രമമെന്ന് പരിഭവിച്ചു. ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് ഓർമ്മപ്പെടുത്തി. പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് യോഗത്തെ ചെന്നിത്തല അറിയിച്ചു. പരസ്പരം പഴി പറഞ്ഞ് മറ്റുള്ളവർക്ക് ചിരിക്കാൻ വഴിയൊരുക്കരുതെന്നും ചെന്നിത്തല നേതാക്കളെ ഓർമിപ്പിച്ചു. എല്ലാം മുതലക്കാൻ ആർഎസ്എസ് കാത്തിരിക്കുകയാണെന്ന് കൂടി ചെന്നിത്തല പറഞ്ഞു.

പുനസംഘടന വേണമെന്ന് കെ മുരളീധരനും കെ സുധാകരനും പിജെ കുര്യനുമടക്കമുള്ള നേതാക്കൾ നിലപാട് സ്വീകരിച്ചു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും മാറണമെന്നാവശ്യപ്പെട്ട പിജെ കുര്യൻ എഐസിസി മാനദണ്ഡപ്രകാരമല്ല സ്ഥാനാർത്ഥി നിർണയമെന്നും കുറ്റപ്പെടുത്തി. നേതാക്കൾ ഗ്രൂപ്പ് പണി നിർത്തി തെറ്റുതിരുത്തണമെന്ന് കെ സുധാകരനും ആവശ്യപ്പെട്ടു.