ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ, പൃഥ്വി ഷാ, കുൽദീപ് യാദവ് എന്നിവരെ പരിഗണിച്ചില്ല. ലോകേഷ് രാഹുൽ, വൃദ്ധിമാൻ സാഹ എന്നിവരെ ടീമിൽ പരിഗണിച്ചിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ച് മാത്രമേ ഇവർക്ക് ടീമിൽ ഇടം നൽകൂ.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ, ഉമേഷ് യാദവ് എന്നിവരാണ് പേസർമാരായി ടീമിലുള്ളത്. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി ആരും ടീമിൽ ഇല്ല. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്പിൻ ഓൾറൗണ്ടർമായി ടീമിൽ ഇടം പിടിച്ചു. ഋഷഭ് പന്താണ് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ. സാഹയെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് പരിഗണിച്ചിരിക്കുന്നത്. രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ എന്നിവർ ഓപ്പണിംഗ് സ്ഥാനത്തെത്തുമ്പോൾ അഗർവാൾ പകരക്കാരുടെ ബെഞ്ചിലാവും. നായകൻ വിരാട് കോലിക്കൊപ്പം ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരും ടീമിലുണ്ടാവും. അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, അവേഷ് ഖാൻ, അർസാൻ നഗ്‌വാസ്‌വല്ല എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് നടക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയത്. ആദ്യ മത്സരം പരാജയപ്പെട്ടിട്ടാണ് ഇന്ത്യ ഉജ്ജ്വലമായി തിരികെ എത്തിയത്. അവസാന മത്സരത്തിൽ ഇന്നിംഗ്സിനും 25 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ 205 റൺസിന് ഓളൗട്ടായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 135 റൺസിന് ഓളൗട്ടായി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 365 റൺസാണ് എടുത്തത്.