ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലയിരുന്ന കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.

അപരനോടുള്ള സ്നേഹം, കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്. ആ കരുതലും സേനഹവും കാണിച്ച അശ്വിനും രേഖയും കേരളത്തിന് തന്നെ അഭിമാനവും മാതൃകയുമാണെന്നാണ് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ഗുരുതരാവസ്ഥയിലുള്ള രോഗിയെ പുന്നപ്രയിലെ ഡൊമിസിലറി കേയർ സെന്ററിൽ നിന്നുമാണ് അശ്വിൻ കുഞ്ഞുമോനും രേഖയുംചേര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിൽ എത്തിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്നാണ് രോഗിയെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് വിളിച്ചുവെങ്കിലും രോഗിക്ക് ശാരീരിക അസ്വസ്ഥതകള്‍ കൂടിയതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകർ കൂടിയായ അശ്വിനും രേഖയും രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്.

രോഗിയുടെ അവസ്‌ഥ കണ്ടപ്പോള്‍ ആംബുലന്‍സ് വരുന്നത്ര സമയം കാത്തു നിലക്കാനാകില്ല പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു മനസിലുണ്ടായതെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളുമാണ്.

എ എ റഹീം-ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപമിങ്ങനെ

അശ്വിൻ കുഞ്ഞുമോൻ,രേഖാ നിങ്ങൾ അഭിമാനമാണ്,മാതൃകയാണ്.
ഇന്ന് രാവിലെമുതൽ വൈറലായ ചിത്രത്തിലെ രണ്ടുപേർ.ഇരുവരും ഡിവൈഎഫ്ഐ സഖാക്കൾ.
അൽപം മുൻപ് അവരോട് വീഡിയോ കോളിൽ സംസാരിച്ചു,അഭിവാദ്യങ്ങൾ നേർന്നു.
Domiciliary care centre ൽ പതിവ്പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും.അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അൽപം ഗുരുതരമാണ് എന്ന് അറിയുന്നത്.ആംബുലൻസ് എത്താൻ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു.അതുവരെ കാത്തുനിൽക്കാതെ ബൈക്കിൽ അശ്വിനും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.
റോഡപകടത്തിൽപെട്ട് പിടയുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ മടികാണിക്കുന്ന ആളുകളെ നമ്മൾ കാണാറുണ്ട്.യഥാസമയം ആശുപത്രിയിൽ എത്തിക്കാത്തതിനാൽ മാത്രം മരണപ്പെട്ട എത്രയോ സംഭവങ്ങൾ അപകട മരണങ്ങളുടെ പട്ടികയിലുണ്ട്‌.നന്മയുടെ ഒരു കൈ നീണ്ടാൽ ഒരു പക്ഷേ ജീവന്റെ തുടിപ്പ് തിരികെ കിട്ടുമായിരുന്ന എത്രയോ സഹോദരങ്ങൾ…..
നന്മകൾക്ക് നിറം മങ്ങിയിട്ടില്ലെന്നു
കാട്ടിത്തരികയാണ് ഇവർ രണ്ടുപേർ.
അപരനോടുള്ള സ്നേഹം,കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്.
അനേകം ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്.അവർക്കെല്ലാവർക്കും അശ്വിനും രേഖയും കൂടുതൽ ആവേശം പകരുന്നു.
അശ്വിൻ കുഞ്ഞുമോൻ ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോർത്ത് മേഖലാ കമ്മിറ്റി അംഗവും,രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്.
രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളാണ്.
ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ…