നുണപ്രചരണങ്ങളിൽ അഭിരമിച്ച് എക്കാലവും രക്ഷപ്പെടാമെന്ന് കരുതണ്ടെന്ന് കോൺഗ്രസ് നേതാവ് വിഷ്ണുനാഥിനോട് മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.

‘ 2016ൽ എൽഡിഎഫിനെ അപേക്ഷിച്ച് 35000 വോട്ട് കുറഞ്ഞു എന്ന് യാതൊരു ഉളുപ്പുമില്ലാതെ സ്ഥാപിക്കാൻ നോക്കുകയാണ് ഇദ്ദേഹം. ഇതാണ് യഥാർത്ഥത്തിൽ ജനങ്ങളെ വിഡ്ഢികളാക്കാൻ നടത്തുന്ന പരിശ്രമം. എൽഡിഎഫിന് 2016 കിട്ടിയത് 79047 വോട്ട്. ഇപ്പോൾ 71887 വോട്ട് ലഭിച്ചു. 7160 വോട്ടാണ് കുറഞ്ഞത്. മത വർഗീയ ശക്തികളും സ്ഥാപിത താൽപര്യക്കാരും മാഫിയകളും ഒന്നിച്ചണിനിരന്നിട്ടും ഇത്രമാത്രം വോട്ടുകളാണ് കുറഞ്ഞത്.’ മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കിൽ കുറിച്ചു.

ഭരണത്തുടർച്ച ലഭിച്ചപ്പോൾ തോറ്റുപോയ ഏകമന്ത്രിയും മേഴ്സിക്കുട്ടിയമ്മയാണ്.കഴിഞ്ഞ തവണ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് 79,000 ൽ അധികം വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ 71,000 വോട്ടാണ് ലഭിച്ചത്.കുണ്ടറ മണ്ഡലത്തിൽ വിഷ്ണുനാഥ് നേടിയ അട്ടിമറി വിജയം എൽഡിഎഫിനെ ഞെട്ടിച്ചിരുന്നു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

നുണപ്രചരണങ്ങളിൽ അഭിരമിച്ച് എക്കാലവും രക്ഷപെടാമെന്ന് കരുതണ്ട.
വോട്ടുകച്ചവടമെന്ന് പറഞ്ഞ് എൽഡിഎഫ് ജനങ്ങളെ പരിഹസിക്കുന്നു എന്ന വിഷ്ണുനാഥിന്റെ പ്രസ്താവന കണ്ടു. ബിജെപി യുഡിഎഫുമായി നടത്തിയ മൊത്ത കച്ചവടം കണക്കുകളുടെ അടിസ്ഥാനത്തിൽ തുറന്നുകാട്ടിയതിനെയാണ് ജനങ്ങളെ ജാമ്യത്തിൽ എടുത്തു രക്ഷപ്പെടാനുള്ള വ്യായാമവുമായി വിഷ്ണുനാഥ് രംഗത്തുവന്നിരിക്കുന്നത്.
എൽഡിഎഫിന് 2016 നെ അപേക്ഷിച്ച് 35000 വോട്ട് കുറഞ്ഞു എന്ന് യാതൊരു ഉളുപ്പുമില്ലാതെ സ്ഥാപിക്കാൻ നോക്കുകയാണ് ഇദ്ദേഹം. ഇതാണ് യഥാർത്ഥത്തിൽ ജനങ്ങളെ വിഡ്ഢികളാക്കാൻ നടത്തുന്ന പരിശ്രമം.
എൽഡിഎഫിന് 2016 കിട്ടിയത് 79047 വോട്ട്. ഇപ്പോൾ 71887 വോട്ട് ലഭിച്ചു. 7160 വോട്ടാണ് കുറഞ്ഞത്. മത വർഗീയ ശക്തികളും സ്ഥാപിത താൽപര്യക്കാരും മാഫിയകളും ഒന്നിച്ചണിനിരന്നിട്ടും ഇത്രമാത്രം വോട്ടുകളാണ് കുറഞ്ഞത്. മറ്റ് അഭ്യാസങ്ങൾ ഒന്നുകൊണ്ടും ഈ വസ്തുത മറച്ചു വെയ്ക്കാൻ കഴിയില്ല. കശുവണ്ടി തൊഴിലാളികളും മറ്റു പാവപ്പെട്ട ജനവിഭാഗങ്ങളും നല്ലവരായ ജനങ്ങളും ഈ “വിമോചന സമര സഖ്യത്തെ” അതിജീവിച്ച് എനിക്ക് വോട്ട് ചെയ്തു എന്നത് ഞാൻ അങ്ങേയറ്റം അഭിമാനത്തോടെ കാണുന്നു. ജില്ലയിൽ എൽഡിഎഫ് വിജയിച്ച പല മണ്ഡലങ്ങളെക്കാൾ കൂടുതൽ ശതമാനം വോട്ട് കുണ്ടറ മണ്ഡലത്തിൽ നേടിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.
ബിജെപിക്ക് 2016 ൽ 14 ശതമാനത്തോളം വോട്ട് കിട്ടി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇത് 20.5 ശതമാനമായി. ഇപ്പോൾ ബിജെപിക്ക് 3.88 ശതമാനം മാത്രം. ഇതിൻറെ മറിമായം വ്യക്തമാക്കുകയാണ് വേണ്ടത്.
ബിജെപിയുടെ മൊത്തം കച്ചവടത്തെ സംബന്ധിച്ച് ബിഡിജെഎസ് നേതൃത്വവും സ്ഥാനാർത്ഥിയും വ്യക്തമാക്കിയത് നാം കേട്ടതാണ്. പോളിങ് ദിവസം അടക്കം അരങ്ങേറിയ മാഫിയ രാഷ്ട്രീയവുമായി യുഡിഎഫിനുള്ള ബന്ധം കൂടുതൽ തെളിവോടെ വരും നാളുകളിൽ പുറത്തുവരികതന്നെ ചെയ്യും.
പിന്നെ മണ്ഡലത്തിലെ വികസനങ്ങളെ കുറിച്ച് കൂടുതലൊന്നും കുണ്ടറയിലെ ജനങ്ങളോട് പറയേണ്ടതില്ല. അത് അവരുടെ കൺമുന്നിൽ കാണുന്നതും അനുഭവിച്ച് അറിയുന്നതുമാണ്.
ഒന്നേ പറയാനുള്ളൂ… സ്ഥാപിത താല്പര്യക്കാർക്ക് വേണ്ടി മണ്ഡലത്തിലെ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തരുത്.
വിജയദിനം.