തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്‍.എസ്.എസ് കൂട്ടുനിന്നു എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്. പാര്‍ട്ടി മുഖപത്രത്തിലെ വിജയരാഘവന്റെ ലേഖനത്തിലെ പരാമര്‍ശം കൂടുതല്‍ പ്രകോപനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായ‌ര്‍ വാര്‍ത്താ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

മതേതരത്വം സംരക്ഷിക്കാന്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്ന എന്‍.എസ്.എസിന് അതിന്റെ സന്ദര്‍ഭോചിതവും നീതിപൂര്‍വവുമായ നിലപാടു കളിലൂടെ എല്ലാ രാഷ്ട്രീയനേതൃത്വങ്ങളോടും സര്‍ക്കാരുകളോടും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ സാമൂഹ്യ നീതിക്കു വേണ്ടി ആയിരുന്നു. മറ്റു കാര്യസാദ്ധ്യങ്ങള്‍ക്കുവേണ്ടി ആയിരുന്നില്ല. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ മാത്രമാണ് ഇടതുസര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.